അഞ്ചരക്കണ്ടി : കഴുത്തറപ്പൻ ഫീസിന്റെ പേരിൽ പഴി കേൾക്കുന്ന പല ഡോക്ടർമാർക്ക് മുന്നിൽ നിസ്വാർത്ഥ സേവനത്തിന്റെ നേർക്കാഴ്ചയൊരുക്കി ഒരു സംഘം ഡോക്ടർമാർ.കൊവിഡ് വ്യാപനം കൊണ്ട് നാട് പൊറുതിമുട്ടുന്ന കാലത്താണ് കണ്ണൂർ ഡെന്റൽ കോളജിലെ 22 ഓളം ഹൗസ് സർജർമാർ പ്രതിഫലേച്ഛയില്ലാത്ത സേവനവുമായി ശ്രദ്ധേയരാകുന്നത്.
ഡോ.നീരജ് മോഹൻ, ഡോ.ആശിഷ് ജെ. ജോൺസൻ , ഡോ.ആതിര അനിൽകുമാർ , ഡോ.ടി.ജസീല , ഡോ.എസ്.ശലഭ , ഡോ. കെ.ടി.തസ്ലി , ഡോ.ടി.നാഷിദ , ഡോ.അനിൽഡ എം. എലിയാസ് എന്നിവരാണ് മാതൃകാപരമായ സേവനം തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ആതിരയും ജസീലയും കണ്ണൂർ സ്വദേശികളാണ്. മറ്റുള്ളവർ തെക്കൻ ജില്ലകളിൽ നിന്നുള്ളവരുമാണ്.പ്രതിഫലമില്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് നൂറു ദിവസം തികയുകയാണ്. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് കോഴ്‌സ് പൂർത്തിയാക്കിയ ഈ സംഘം ഇന്റേൺഷിപ്പിന്റെ ഭാഗമായി സേവനം തുടങ്ങിയത്. ഇന്റേണൽഷിപ്പ് കാലാവധി കഴിഞ്ഞെങ്കിലും എട്ടുപേർ നൂറുദിവസമായി ഇവിടെ ജോലിയിൽ തുടരുകയാണ്.
സ്റ്റൈപ്പന്റും വേണ്ട
സാധാരണ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ സ്റ്റൈപ്പന്റ് ലഭിക്കാറുണ്ട്. എന്നാൽ, അതും ഇവർക്ക് വേണ്ട. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു കീഴിൽ അസിസ്റ്റന്റ് കളക്ടർ ശ്രീലക്ഷ്മി, കണ്ണൂർ ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.അരുൺ നാരായണൻ,ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ നോഡൽ ഓഫീസർ ഡോ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യുവതീയുവാക്കൾ പ്രതിഫലമില്ലാതെ ജൂലായ് 10 മുതൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നത്.ഇവരുടെ സേവനത്തെക്കുറിച്ച് ജില്ലാ കളക്ടർ ടി.വി. സുഭാഷ് വീഡിയോ തയാറാക്കി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.സ്വാബ് കളക്ഷൻ, സെന്റിനൽ സർവയ്‌ലൻസ് ക്യാമ്പുകൾ, പോർട്ടൽ എൻട്രി എന്നിങ്ങനെ വിഭാഗങ്ങൾ തിരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. കോവിഡ് കേസുകൾ ദിവസേന വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഇവരുടെ സേവനം തികച്ചും മാതൃകപരമാണ്.
'മഹാമാരിയുടെ കാലയളവിൽ ഇങ്ങനെയൊരു സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു. എല്ലാവരും ഇക്കാര്യത്തിൽ പൂർണ സംതൃപ്തരാണ്'-
ഡോ.നീരജ് മോഹൻ