തളിപ്പറമ്പ്: തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റു. പുതുതായി പയ്യന്നൂർ താലൂക്ക് രൂപീകരിച്ചതിനാൽ ആ പ്രദേശം ഒഴിവാക്കിയാണ് തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് പ്രവർത്തന പരിധി നിശ്ചയിച്ചിട്ടുള്ളത്. ഈ വിഭജനത്തിന് ശേഷമുള്ള ഭരണ സമിതിയിൽ. പ്രസിഡന്റായി എം. കരുണാകരനാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി കെ.പി കുമാരനെയും സംസ്ഥാന ബാങ്ക് പ്രതിനിധിയായി കെ.എം ജോസഫിനെയും തെരഞ്ഞെടുത്തു.
കർഷകരെ സഹായിക്കുന്നതിന് ആറ് ശതമാനം പലിശ നിരക്കിൽ ദീർഘകാല അടിസ്ഥാനത്തിൽ അംഗങ്ങൾക്കായി അഞ്ച്‌വർഷം വരെയുള്ള കാർഷിക വായ്പകൾ നൽകും. നബാർഡിൽനിന്നും സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്നും അനുവദിക്കുന്ന എല്ലാതരം വായ്പകളും അംഗങ്ങൾക്ക് വിതരണം ചെയ്യും. അഞ്ച് വർഷം വരെയുള്ള വായ്പകൾക്ക് എട്ട് ശതമാനം പലിശ ഈടാക്കും. സ്വർണ്ണപണയ വായ്പകൾക്ക് ഏഴര ശതമാനമാണ് വാർഷിക പലിശ. ഒരാൾക്ക് 10 ലക്ഷം രൂപവരെയും സ്വർണ്ണ പണയ വായ്പ നൽകും.
കിണർ കുഴിക്കുന്നതിനും ജലസേചനത്തിനും ഭൂവികസനത്തിനും ദീർഘകാല വിളകളായ തെങ്ങ്, റബ്ബർ, കശുവണ്ടി, കുരുമുളക്, കൊക്കോ, ജാതി തുടങ്ങിയ എല്ലാ വിളകൾക്കും ഔഷധ ചെടികൾ നട്ടുവളർത്തുന്നതിനും വായ്പ നൽകി വരുന്നു. മൃഗസംരക്ഷണത്തിന്റെ ഭാഗമായി പശു, ആട്, കോഴി, പന്നി, പോത്ത് എന്നിവയുടെ ഫാം ആരംഭിക്കുന്നതിനും ഫാം വികസിപ്പിക്കുന്നതിനും മത്സ്യകൃഷി ആരംഭിക്കുന്നതിനും വായ്പ നൽകും. മറ്റ്ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പകളേക്കാൾ കുറഞ്ഞ പലിശനിരക്കിലാണ് ഹ്രസ്വകാല/ ദീർഘകാല വായ്പകൾ നൽകുന്നത്. ചുരുങ്ങിയ ചെലവിൽ അംഗങ്ങൾക്ക് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം എല്ലാ ശാഖകളിലും ഒരുക്കിയിട്ടുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1500 മത്സ്യ കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. വായ്പ വിതരണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടാൻ ബാങ്കിന് കഴിഞ്ഞു. നടപ്പ് സാമ്പത്തിക വർഷം കാർഷിക മേഖലയിൽ 70 കോടിയും ഭവന നിർമാണ വായ്പ ഉൾപ്പെടെ ഇതരമേഖലയിൽ 50 കോടി വായ്പയും നൽകാനാണ് ഭരണ സമിതി ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എം. കരുണാകരൻ, ഭരണ സമിതി അംഗം പി. ബാലകൃഷ്ണൻ, അസി. രജിസ്ട്രാർ വി.പി സുനിലൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ‌് എ.എ മാത്യു എന്നിവർ പങ്കെടുത്തു.