
കാസർകോട്: കുമ്പള, അനന്തപുരം ക്ഷേത്ര തടാകത്തിലെ 'ബബിയ" മുതല ശ്രീകോവിലിന് മുന്നിലെത്തിയത് ഭക്തർക്ക് അപൂർവ കാഴ്ചയായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ബബിയ ക്ഷേത്ര നടയിലെത്തിയത്. രാത്രി ഏറെ നേരം മുതല ശ്രീകോവിലിന് മുന്നിലുണ്ടായിരുന്നെന്ന് പൂജാരിമാരും പറയുന്നു.പൂജാരിമാർ നൽകുന്ന നിവേദ്യം സേവിക്കാൻ മാത്രമാണ് ബബിയ തടാകത്തിന് പുറത്ത് വരാറുള്ളത്. ലോക്ക് ഡൗണിൽ ക്ഷേത്രം അടച്ചിട്ടപ്പോഴും മുതലയ്ക്ക് നിവേദ്യം നൽകുന്ന പതിവ് ശാന്തിക്കാർ മുടക്കിയില്ല.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വിശ്വാസികൾ കണക്കാക്കുന്ന കുമ്പള അനന്തപുരം സംസ്ഥാനത്തെ ഏക തടാക ക്ഷേത്രമാണ്. ബ്രിട്ടീഷ് പൊലീസ് വെടിവച്ചു കൊന്ന മുതലയ്‌ക്ക് പകരം തടാകത്തിൽ കണ്ടുതുടങ്ങിയതാണ് ബബിയയെ എന്നാണ് ക്ഷേത്രം അധികൃതരും ഇവിടത്തുകാരും വിശ്വസിക്കുന്നത്. ബബിയയെ കാണുന്നത് പുണ്യവും ഭാഗ്യവുമാണെന്നാണ് ഭക്തരുടെ വിശ്വാസം. അതിനിടയിലാണ് അപൂർവ കാഴ്ച ഒരുക്കി ബബിയ ശ്രീകോവിലിനു മുന്നിലെത്തിയത്.
'നട തുറക്കാൻ പുലർച്ചെ പൂജാരിമാർ വരുമ്പോൾ അവരെ വരവേൽക്കാൻ തടാകത്തിനു പുറത്ത് ബബിയ ഉണ്ടാകാറുണ്ട്. ശാന്തിക്കാരെ കണ്ട ഉടൻ മുതല തടാകത്തിലേക്കിറങ്ങുകയാണ് പതിവ്".
- ലക്ഷ്മണ ഹെബ്ബാർ, മാനേജർ, കുമ്പള അനന്തപുരം ക്ഷേത്രം