photo
പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഓലക്കാൽക്കടവ്

പഴയങ്ങാടി: തീരദേശ ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന ഓലക്കാൽകടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ പൂവണിയുന്നത് രണ്ട് ഗ്രാമങ്ങളുടെ ചിരകാല സ്വപ്നമാണ്. മാടായി പഞ്ചായത്തിലെ ചൂട്ടാട് കടവിനെയും രാമന്തളി പഞ്ചായത്തിലെ ഓലക്കാൽകടവിനെയും ബന്ധിപ്പിക്കുന്ന പാലത്തിനായി ഇരുകരയിലുമുള്ള ഗ്രാമ നിവാസികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നീണ്ട അര നൂറ്റാണ്ട്. പല ഘട്ടങ്ങളിലായി പാലത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവൃത്തികൾ നടന്നെങ്കിലും പാലം എന്നത് സ്വപ്നമായി തന്നെ അവശേഷിച്ചു.

1970ലെ സി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലംതൊട്ട് ആരംഭിച്ച ശ്രമങ്ങൾക്കാണ് തീരദേശ ഹൈവേ നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. പാലക്കോട് നിന്ന് വിദ്യാർത്ഥികളടക്കമുള്ള ജനങ്ങൾ തോണി മാർഗ്ഗമാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ കടവിൽ തോണി ഇറക്കാൻ ആളെ കിട്ടാത്തത് കാരണം പാലക്കോട്- മുട്ടം പാലം വഴി ചുറ്റിത്തിരിഞ്ഞാണ് ഇപ്പോഴത്തെ സഞ്ചാരം. 2003ൽ തൂക്കുപാലത്തിനായി മാടായി, രാമന്തളി പഞ്ചായത്തുകൾ ശ്രമം നടത്തിയെങ്കിലും മാടായി പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് തൂണുകൾ ഉണ്ടാക്കിയത് വെറുതെ ആയി. വിദഗ്ധ പഠനത്തിൽ തൂക്കുപാലം ഇവിടെ പ്രായോഗികമല്ല എന്ന് കണ്ടെത്തുക യായിരുന്നു. സുനാമി ബാധിത പ്രദേശമായ ചൂട്ടാട് മൂന്ന് ഭാഗങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. സുനാമി പോലുള്ള അപകടങ്ങൾ വന്നാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുവാൻ ഓലക്കാൽപാലം ഏറെ ഉപകരിക്കും.

ടൂറിസത്തിനും കുതിപ്പാകും

ഇരിണാവ്, മടക്കര, മാട്ടൂൽ, പുതിയങ്ങാടി, ചൂട്ടാട്, പാലക്കോട്, രാമന്തളി എന്നീ മത്സ്യബന്ധന ഗ്രാമങ്ങളെ ബന്ധിപ്പിക്കാനും ടൂറിസത്തിൽ വൻ കുതിപ്പേകാനും ഓലക്കാൽകടവ് പാലം ഉപകരിക്കും. എട്ടിക്കുളം നേവൽ അക്കാഡമിയിലേക്കുള്ള യാത്രയും സുഖകരമാകും. നൂറ് മീറ്റർ നീളമുള്ള പാലം നിർമ്മാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ 11 ലക്ഷം രൂപ സർക്കാർ പഠനത്തിനായി അനുവദിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്തുട്ടുണ്ട്.

കിഫ്‌ബി അംഗീകാരം ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും. തീരദേശ ഹൈവേ 2022 അവസാനത്തിൽ പൂർത്തീകരിക്കുവാൻ ഉദ്ദേശിക്കുന്നു.