തൃക്കരിപ്പൂർ: തീരദേശ മേഖലയിൽ പുത്തൻ ഉണർവ്വ് പ്രദാനം ചെയ്യുമെന്നു കരുതുന്ന ഷട്ടർ കം ബ്രിഡ്ജിന് പദ്ധതി ഒരുങ്ങുന്നു. കാർഷികാവശ്യങ്ങൾക്കും ഒരു പരിധി വരെ കുടിവെള്ളത്തിനും പരിഹാരമാകുമെന്നു കരുതുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം സൈറ്റ് പരിശോധനക്കെത്തി. ചെറിയ ചാൽ പുഴക്കുള്ള കേസ് ബാർ കം ബ്രിഡ്ജ് പണിത് തീരദേശ മേഖലകളിൽ ഉപ്പ് വെള്ളം കയറുന്നത് തടയാനും ശുദ്ധജലം സംരക്ഷിക്കുന്നതിനുമായുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് ഉദ്യോഗസ്ഥ സംഘം സന്ദർശനത്തിനെത്തിയത്.

കവ്വായിക്കായലിന്റെ കൈവരിയായ ചെറിയചാൽ പുഴയുടെ ഉത്ഭവസ്ഥാനമായ കൈക്കോട്ട് കടവിലാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. തൃക്കരിപ്പൂർ പഞ്ചായത്തിലെ അഞ്ചോളം വാർഡുകളിലെ വിവിധ മേഖലകളിലെ കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. കൈക്കോട്ടുകടവ് ,പൂവളപ്പ്, വൾവക്കാട്, വയലോടി, മെട്ടമ്മൽ തുടങ്ങിയ വാർഡുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇവിടെയൊരു കോൺക്രീറ്റ് നടപ്പാലം പണി തിരുന്നുവെങ്കിലും കാലപ്പഴക്കം കാരണം അത് തകർച്ചയിലായി. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട നിലയിലുള്ള വയലോടി കോളനി നിവാസികൾക്കുള്ള ഒരു യാത്രാ സൗകര്യവുമാകും പദ്ധതി.

ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ ബാവയുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി എ.ഇ വരുൺ, സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസർ അഭിലാഷ് സി.എ, എസ്.വി.ഒ മധുകുമാർ, വില്ലേജ് അസിസ്റ്റന്റ് രമേശൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.