കാഞ്ഞങ്ങാട്:കർണ്ണാടക സുള്ള്യയിൽ ജോലിക്ക് കൂട്ടികൊണ്ടുപോയ പട്ടിക വർഗ്ഗ യുവാവിനെ ജീവാപായം വരും വിധത്തിൽ മർദ്ദിച്ച് സംസ്ഥാനാതിർത്തിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് മൊഴിയെടുത്തത് സംഭവം നടന്ന് ഒൻപതാം ദിവസം. ചിറ്റാരിക്കാൽ പാലാവയലിലെ നിരത്തും തട്ട് പട്ടിക വർഗ്ഗ കോളനിയിലെ സതീഷിനെയാണ് (45) തോട്ടമുടമയും മറ്റുനാലുപേരും ചേർന്ന് ക്രൂരമായി മർദ്ദിച്ച് പാണത്തൂർ ബസ് സ്റ്റാൻഡിൽ തള്ളിയത്.
വലതുകയ്യും തലയും തല്ലി പൊട്ടിച്ച നിലയിൽ ദേഹമാസകലം പരിക്കുകളോടെ നാട്ടുകാരാണ് ഈയാളെ കണ്ടത്. ഓട്ടോയിൽ വീട്ടിലെത്തിച്ച ഈയാളെ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.കാഴ്ച മങ്ങി, തലയും കയ്യും പൊട്ടി ചോര വാർന്നൊഴുകുന്ന നിലയിലുമായിരുന്നു യുവാവ് അപ്പോൾ .തലയ്ക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്ന സതീഷിനെ ഞായറാഴ്ച ഉച്ചയോടെയാണ് വാർഡിലേക്ക് മാറ്റിയത്. തല പൊട്ടിയ നിലയിലും വലതുകൈ ഒടിഞ്ഞുതൂങ്ങിയ അവസ്ഥയിലുമായിരുന്നു മകനെന്ന് മാതാവ് തമ്പായി പറഞ്ഞു. മുഖം ഒരുവശത്തേക്കു കോടി പോയ നിലയിൽ അവനെ തിരിച്ചറിയാൻ പോലും പ്രയാസപ്പെട്ടെന്ന് മാതാവിന്റെ പരാതിയിലുണ്ട്.
പരിയാരത്ത് ചികിത്സയിൽ കഴിയുന്ന സതീഷിൽ നിന്ന് ഇന്നലെയാണ് ചിറ്റാരിക്കാൽ പൊലീസ് മൊഴിയെടുത്തത്. ഇന്നലത്തോടെയാണ് സതീഷിന് പൂർണ്ണ ബോധം വന്നതെന്ന് ഇയാളുടെ ഭാര്യ ശ്യാമള സതീഷ് പറഞ്ഞു.ഒടിഞ്ഞ വലതുകൈയ്ക്കും ഇനി ഓപ്പറേഷൻ വേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ശ്യാമള പറഞ്ഞു.സതീഷിന് കൃത്യമായി സംസാരിക്കാൻ കഴിയാത്തതു കൊണ്ടാണ് മൊഴിയെടുക്കാൻ താമസം നേരിട്ടതെന്നായിരുന്നു ചിറ്റാരിക്കാൽ പൊലീസിന്റെ വിശദീകരണം.