മാഹി: മയ്യഴിപ്പുഴയുടെ കൈവഴിക്കരയിൽ, ഒളവിലത്ത്, കണ്ടൽക്കാടുകളും, അപൂർവ ജീവികളും, പക്ഷിയിനങ്ങളുമുള്ള ബണ്ട് റോഡിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വിനോദ സഞ്ചാര കേന്ദ്രം ഇന്ന് തുറക്കും. പ്രകൃതി മനോഹാരിതയെ, വാസ്തുശിൽപ്പ ചാതുരിയിൽ അണിയിച്ചൊരുക്കിയ ഈ ഉല്ലാസ കേന്ദ്രം കാലത്ത് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നാടിന് സമർപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, കെ. മുരളീധരൻ എം.പി, അഡ്വ. എ.എൻ ഷംസീർ എം.എൽ.എ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രാകേഷ് എന്നിവർ സംബന്ധിക്കും.

അതി മനോഹരമായ കവാടം, നടപ്പാതകൾ, കിയോസ് ക്കുകൾ, ഇരിപ്പിടങ്ങൾ, ഹാന്റ് റെയിൽ, സോളാർ അലങ്കാര ദീപങ്ങൾ തുടങ്ങിയവ ഈ ഉല്ലാസ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമീണ ശാലീനത ഇന്നും കൈവിടാതെ നിൽക്കുന്ന ഉൾനാടൻ പ്രദേശമായ ഇവിടെ പ്രകൃതി തന്നെ സഞ്ചാരികളുടെ മനംകവരാനുള്ള ദൃശ്യ പ്പൊലിമ ഒരുക്കിയിട്ടുണ്ട്. പ്രകൃതി മനോഹാരികതക്ക് തെല്ലും പോറലേൽപ്പിക്കാതെ, സ്വാഭാവിക സൗന്ദര്യത്തിന് ആഭരണം ചാർത്തുക മാത്രമാണ് ടൂറിസം വകുപ്പ് ഹാബിറ്റാറ്റ് വഴി നിർവ്വഹിച്ചിട്ടുള്ളത്.