കണ്ണൂർ: പാർട്ടി നിയന്ത്രണത്തിൽ ഉള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പാർട്ടി നേതൃത്വത്തിന്റെ അറിവോടെ നടക്കണമെന്നും ഏകപക്ഷീയമായി പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും സബ് കമ്മിറ്റികളും കോർപ്പറേഷനിൽ ഡി.സി.സി പ്രസിഡന്റ് കൺവീനറായ എഴംഗ അംഗ സമിതിയും രൂപീകരിക്കാൻ നേതൃയോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് വാർഡുതല കമ്മിറ്റിയും മുൻസിപ്പാലിറ്റികളിൽ മുൻസിപ്പൽ വാർഡ് കമ്മിറ്റിയും ചർച്ചചെയ്ത് സ്ഥാനാർഥിയെ കണ്ടെത്തും.

ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ: സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ, വി.എ നാരായണൻ, മാർട്ടിൻ ജോർജ്ജ്, അഡ്വ. പി.എം നിയാസ്, സജീവ് മാറോളി, അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറിമായ വി.എൻ ജയരാജ്, ചന്ദ്രൻ തില്ലങ്കേരി, എം.പി. മുരളി, ഡോ: കെ.വി ഫിലോമിന, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ സ്വാഗതവും ഹരിദാസ് മൊകേരി നന്ദിയും പറഞ്ഞു.