പാപ്പിനിശ്ശേരി: റെയിൽവേ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള നാല് സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. പാപ്പിനിശ്ശേരി, ഏഴിമല, ഉപ്പള, തലശ്ശേരി ജഗന്നാഥ ടെമ്പിൾ ഗേറ്റ് എന്നിവയാണ് ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തുന്നത്. ഇതോടെ നാല് സ്റ്റേഷനുകളിലും നിലവിലുള്ള റെയിൽവേ ജീവനക്കാരെ പിൻവലിക്കും. കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് (ഹാൾട്ട് ഏജന്റ്) ടിക്കറ്റ് കൗണ്ടറിന്റെ ചുമതല നൽകാനാണ് തീരുമാനം.
ചിറക്കൽ, ചന്തേര, കളനാട് തുടങ്ങിയ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള നിരവധി സ്റ്റേഷനുകളിൽ കമ്മിഷൻ വ്യവസ്ഥയിലാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്. അതേരീതിയിൽ നാല് സ്റ്റേഷനുകളിലും പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ഘട്ടംഘട്ടമായി സ്റ്റേഷനുകളുടെ അവസ്ഥയും പരിതാപകരമാകും.
നാല് റെയിൽവേ സ്റ്റേഷനുകളിലേക്കും കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികളെ നിയമിക്കുന്നതിനുള്ള അപേക്ഷ റെയിൽവേ ക്ഷണിച്ചിട്ടുണ്ട്. പാലക്കാട് ഡിവിഷൻ കൊമേഴ്സ്യൽ മാനേജർക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 25 ആണ്. . ടിക്കറ്റ് വിൽപ്പന കുറയുന്തോറും കമ്മിഷനും കുറയും.
ഉള്ളതും ഇല്ലാതാക്കി പരിഷ്കാരം
വ്യവസായ ശാലകൾ പ്രതാപത്തിലായ കാലഘട്ടത്തിൽ പാപ്പിനിശ്ശേരി ഒരു സുപ്രധാന സ്റ്റേഷനായിരുന്നു. നിലവിൽ പാസ്സഞ്ചർ ടെയിനും ഫാസ്റ്റ് പാസ്സഞ്ചർ ട്രെയിനുകളും മാത്രമാണ് സ്റ്റേഷനിൽ നിറുത്തുന്നത്. എങ്കിലും കാസർകോട് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരും മംഗലാപുരത്തേക്ക് പോകുന്ന രോഗികളും വിദ്യാർത്ഥികളും ഏറേ ആശ്രയിക്കുന്ന സ്റ്റേഷനാണ് പാപ്പിനിശ്ശേരി. ഈ സ്റ്റേഷനെ ലോക്ക് ഡൗണിന് മുൻപ് വരെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കാറുണ്ട്. ഏഴിമലയാണെങ്കിൽ നാവിക അക്കാഡമി വന്നതോടെ വലിയ വികസനം പ്രതീക്ഷിച്ച സ്റ്റേഷനായിരുന്നു.മലബാർ എക്സ്പ്രസ് അടക്കം നിറുത്തുന്ന സ്റ്റേഷൻ കൂടിയാണിത്.
തലശ്ശേരി ടെമ്പിൾ ഗെറ്റ് സ്റ്റേഷനും വളരെയധികം പ്രാധാന്യമുണ്ട്. ഈ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി നിരന്തരം സമ്മർദ്ദം ചെലുത്തുന്ന റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നാട്ടുകാരിലും ഏറേ പ്രതിഷേധം ഉയരുന്ന നീക്കം കൂടിയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായത്.
മൂന്ന് ലക്ഷത്തിന് കമ്മിഷൻ 19,950
'ധാരാളം സർക്കാർ ജീവനക്കാരും, വിദ്യാർത്ഥികളും, രോഗികളും ആശ്രയിക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനെ തരം താഴ്ത്തിയ നടപടിയിൽ നിന്നും റെയിൽവേ പിന്മാറണം. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും സംസ്ഥാനത്ത് ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പാലക്കാട് ഡിവിഷൻ ജനറൽ മാനേജർക്കും നിവേദനം നല്കിയിട്ടുണ്ട്'-
ഇ. രാഘവൻ മാസ്റ്റർ, പി.കെ.എസ്. പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി