കണ്ണൂർ: ഉത്തരമലബാറിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെർമിനലുകളും വാക്ക് വേയും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാവും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ, എം.പിമാരായ കെ. സുധാകരൻ, കെ. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ-കാസർകോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 53.07 കോടി രൂപയുടെ പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.