കണ്ണൂർ: പോപ്പുലർ ഫിനാൻസ് ലിമിറ്റഡിലെ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വർണം, പണം, ബാങ്ക് രേഖകൾ, ചെക്ക്, പണയ വസ്തുക്കൾ, സർക്കാർ സെക്യൂരിറ്റീസ് തുടങ്ങിയവയും സ്ഥലങ്ങൾ, വീട്, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള പോപ്പുലർ ഫിനാൻസ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വസ്തുവകകൾ വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകൾ നടത്താനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. പോപ്പുലർ ഫിനാൻസ്, അനുബന്ധ സ്ഥാപനങ്ങൾ, കമ്പനി ഡയറക്ടർമാർ, പങ്കാളികൾ, മനേജ്‌മെന്റ്, ഏജന്റുമാർ എന്നിവർ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികൾ, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായും ഉത്തരവിൽ പറയുന്നു.
2013 ലെ കേരള പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇൻ ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് നടപടി. ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.