
കണ്ണൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരിലെ പാർട്ടികളും ഒരുങ്ങുകയാണ്. എതിരാളികളെ കായികമായി നേരിടുന്ന പതിവ് രീതികൾക്ക് ഇത്തവണ ചില മാറ്റങ്ങൾ കൂടിയുണ്ട്. പതിവുപോലെ ബോംബും മഴുവും കത്തിയിലും ഒതുക്കാതെ തോക്കുകൾ കൂടി ഉപയോഗിക്കാനാണ് നീക്കം. മുംബൈ- പഞ്ചാബ് മേഖലകളിലെ ചിലരുടെ സഹായത്തോടെയാണ് പരിശീലനം നൽകുന്നത്.
പാർട്ടി ബന്ധമുള്ള വിമുക്ത ഭടന്മാരെ ഉപയോഗിച്ചും ആയുധ പരിശീലനം നൽകുന്നുണ്ട്. ഇവരിലൂടെയാണ് ഏജന്റുമാർ മുഖേന കൈത്തോക്കുകൾ അതിർത്തി കടന്ന് എത്തുന്നത്. മലയോരത്ത് കള്ളതോക്ക് നിർമ്മാണവും സജീവമാണ്. കള്ളത്തോക്കുകൾ നേരത്തെ ഉപയോഗിച്ചിരുന്നെങ്കിലും എതിരാളികളെ ക്രൂരമായി വകവരുത്താൻ ലക്ഷ്യമിട്ടാണ് അവ ഉപേക്ഷിച്ചത്.
പയ്യന്നൂരിൽ ദേശീയപാതയ്ക്ക് അരികിൽ ഉപേക്ഷിച്ച തോക്ക് കണ്ടെത്തിയതാണ് വീണ്ടും തോക്ക് രാഷ്ട്രീയത്തിലേക്ക് ചർച്ചകൾ എത്തിച്ചത്. അന്നൂരിൽ നാട്ടുകാർ കണ്ടെത്തിയ തോക്കും പന്ത്രണ്ടോളം തിരകളും അത്യാധുനികമാണെന്ന് വ്യക്തമാണെങ്കിലും ഉപേക്ഷിച്ചത് ആരാണെന്നു മാത്രം കാമറകളിൽ തെളിഞ്ഞില്ലെന്നാണ് ന്യായം. ഇതിന്റെ പിറ്റേന്ന് പയ്യന്നൂർ പടോളിയിൽ വ്യാജസ്റ്റീൽ ബോംബ് ലഭിച്ചത് തോക്കു വിഷയത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമമായിരുന്നു
ഏതെങ്കിലും ക്വട്ടേഷൻ സംഘത്തിന്റേതാകാം തോക്കെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എന്തിന് റോഡരികിൽ ഉപേക്ഷിച്ചെന്ന ചോദ്യം ബാക്കിയാണ്. പണിതവരും പണിയാൻ ലക്ഷ്യമിട്ടവരും തോക്ക് ഉപേക്ഷിക്കില്ലെന്നും, ആർക്കോ കൈമാറാൻ കൊണ്ടുവന്ന സാധനം ധാരണ പിശകു കൊണ്ട് വഴിയിൽ ഉപേക്ഷിച്ചതാകാനാണ് സാദ്ധ്യതയെന്നും പൊലീസ് സൂചന നൽകുന്നു. തന്നെ വധിക്കാൻ മുംബൈയിലെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഏൽപ്പിച്ചെന്ന കെ.എം ഷാജി എം.എൽ.എയുടെ ആരോപണവും ഇതോടൊപ്പം ചേർന്ന് നിൽക്കുന്നു.
രണ്ടു ഫോൺ സന്ദേശമാണ് ഷാജി പുറത്തുവിട്ടത്. പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസ് എന്നയാളാണ് യൂനിസ് ഭായ് എന്ന മുംബൈക്കാരന് ക്വട്ടേഷൻ നൽകിയതെന്ന് ഒന്നാം ശബ്ദരേഖയിൽ പറയുന്നു. രണ്ടാം ശബ്ദസന്ദേശത്തിൽ തീർക്കേണ്ടതു എം.എൽ.എയെ ആണെന്നും പണികഴിഞ്ഞാൽ വേഗം സ്ഥലം കാലിയാക്കണമെന്നും തന്റെ പേര് പുറത്താകരുതെന്നും തേജസ് പറയുന്നുണ്ട്. ഇതിനായുള്ള പണം രണ്ടുദിവസത്തിനകം ലഭിക്കുമെന്നും എത്തേണ്ട ട്രെയിനിന്റെ പേരും പറയുന്നുണ്ട്.
വളപട്ടണം പൊലിസ് തേജസിന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഗൾഫിലാണെന്ന് വീട്ടുകാർ മറുപടി നൽകി. എന്നാൽ കൊവിഡ് കാലത്ത് ഇയാൾ നാട്ടിലെത്തിയെന്നും ശബ്ദരേഖ ചോർന്നപ്പോൾ മുങ്ങിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്ക് മുബൈയിൽ വിപുലമായ ബന്ധങ്ങളുണ്ട്. പൊലിസിന്റെ തോക്കിനേക്കാൾ മികച്ചവയാണ് കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളുടെ കൈയ്യിലുള്ളത്. വർഷങ്ങൾക്കു മുൻപ് കൊടി സുനി എ.കെ 47 കൈയിലേന്തി കൊടൈക്കനാലിൽ നിൽക്കുന്ന ചിത്രം വിവാദമായിരുന്നു.