
കണ്ണൂർ: ഏറെ അർഹതയുണ്ടായിട്ടും തലാസീമിയ മേജർ രോഗികളെ സാമൂഹ്യ നീതി വകുപ്പിന്റെ സമാശ്വാസം പദ്ധതി ആനുകൂല്യത്തിന്റെ പരിധിക്കു പുറത്തു നിർത്തിയത് ദുരിതമാകുന്നു. വർഷങ്ങളുടെ സമരത്തെ തുടർന്ന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനിടെ സമാശ്വാസം പദ്ധതിയിൽ നിന്ന് പാവപ്പെട്ട രോഗികളെ പടിക്ക് പുറത്താക്കിയത് കുടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി മാരക രക്തജന്യ രോഗികളെ പരിഗണിച്ചപ്പോൾ ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളെ മാത്രം പരിഗണിക്കുകയും തലാസീമിയ രോഗികളെ ബോധപൂർവ്വം പുറംതള്ളുകയുമാണ് ചെയ്തത്.
വി.എസ്.അച്യുതാനന്ദൻ സർക്കാർ 2009 ൽ മാരക രോഗികളായ കുട്ടികളുടെ സൗജന്യ ചികിത്സയ്ക്കായി കൊണ്ടുവന്ന താലോലം പദ്ധതിയിൽ മാരക രക്തജന്യ രോഗികളെ പരിഗണിച്ചപ്പോൾ തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗികളെ പരിഗണിച്ചത് ഒന്നിച്ചായിരുന്നു. യാതൊരു വിവേചനവും അവർക്കിടയിൽ കാണിച്ചിരുന്നില്ല. 2016 ൽകേന്ദ്ര സർക്കാർ ഭിന്നശേഷി ആനുകൂല്യത്തിന് മാരക രക്ത രോഗികളെ പരിഗണിച്ചപ്പോഴും തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളെ ഒരുമിച്ചായിരുന്നു പരിഗണിച്ചത്. എന്നാൽ സർക്കാരിന്റെ സമാശ്വാസം പദ്ധതിയിലാണ് തുല്യതയില്ലാത്ത ഈ കടുത്ത വിവേചനം നടത്തിയിരിക്കുന്നത്.
രോഗികൾക്ക് കിട്ടുന്നത് മാസം 2000 രൂപ
രോഗികൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകുന്നതാണ് സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ ഈ പദ്ധതി.
രോഗത്തിന്റെ മാരകാവസ്ഥയും തീരെ ചുരുങ്ങിയ ആയുസും അടിക്കടിയുള്ള ആശുപത്രിവാസവും ഭാരിച്ച ചികിത്സാ ചെലവും ഓരോ രണ്ടാഴ്ച കൂടുമ്പോൾ ആവശ്യമായ ജീവരക്തത്തിന് വേണ്ടിയുള്ള അലച്ചിലുമൊക്കെ കണക്കിലെടുക്കുമ്പോൾ ഈ ആനുകൂല്യത്തിന് ഒന്നാമതായി പരിഗണിക്കേണ്ടിയിരുന്നത് തലാസീമിയ മേജർ രോഗികളെയായിരുന്നു. എന്നാൽ സർക്കാർ ഭാഗത്തു നിന്നും അതുണ്ടായില്ല.
ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള രക്തജന്യ രോഗികളെ പോലെ തലാസീമിയ മേജർ രോഗികളെയും സർക്കാരിന്റെ സമാശ്വാസം പദ്ധതിയിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകും-
കരീം കാരശ്ശേരി, സ്റ്റേറ്റ് ജന. കൺവീനർ,
ബ്ലഡ് പേഷ്യന്റ് സ് പ്രോട്ടക്ഷൻ കൗൺസിൽ , കേരള