daily
വിഷകണ്ഠൻ തെയ്യം

മയ്യിൽ (കണ്ണൂർ): അസുരവാദ്യത്തിന്റെ അകമ്പടിയോടെ "ഗുണം വരുത്തി രക്ഷിപ്പെനേ "എന്ന് ഉള്ളുനിറഞ്ഞ ഉരിയാട്ടവും ചിലമ്പൊലിയും കേൾക്കാൻ കോലത്തുനാട് ഇനിയും കാത്തിരിക്കേണ്ടിവരും. കൊവിഡ് മഹാമാരിയുടെ വരവോടെ പതിവ് കലശങ്ങളോടെയുള്ള കൊട്ടിക്കലാശം ഇല്ലാതെ അണിയറയിലേക്ക് പിൻവാങ്ങിയ തെയ്യങ്ങൾ കെട്ടിയാടാൻ പേരിനെങ്കിലും കാസർകോട് ജില്ലയിൽ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഇതുതന്നെ പാലിക്കാൻ കഴിയാത്ത കർശനവ്യവസ്ഥകളോടെയുമാണ്.

കളരിവാതുക്കൽ പെരുങ്കലശത്തോടെ സമാപനമാകുന്ന തെയ്യാട്ടക്കാലം തുലാംമാസത്തിലാണ് പുനരാരംഭിക്കുന്നത്. പത്താമുദയ ദിനത്തിൽ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ വിഷകണ്ഠൻ ദൈവത്തിന്റെ തിരുമുടി ഉയരുന്നതോടെ ഉത്തര മലബാറിലെ തെയ്യക്കാവുകൾ ഉണരും. പക്ഷേ, ഈ വർഷം കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രത്തിൽ കളിയാട്ടം ഉണ്ടാവില്ല. നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഒഴിവാക്കിയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. വിഷകണ്ഠൻ തെയ്യത്തിന്റെ അനുഗ്രഹം നേടാനായി വർഷാവർഷം പതിനായിരകണക്കിന് ഭക്തരാണ് ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലേക്ക് ഒഴുകി എത്താറുള്ളത്.

പ്രതീക്ഷ അസ്തമിച്ച് തെയ്യം കലാകാരന്മാർ

തെയ്യക്കാവുകൾ ഉണരാതായതോടെ പ്രതീക്ഷ അസ്തമിച്ചത് തെയ്യം കലാകാരന്മാർക്കാണ്. പോയ കളിയാട്ടക്കാലം പാതിവഴിയിൽ അവസാനിച്ചതിനാൽ നിത്യവൃത്തിക്ക് ഗതിയില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം കോലധാരികളും. നൂറുകണക്കിന് കാവുകളും തറവാടുകളും കൊയ്തൊഴിഞ്ഞ പാടങ്ങളും സജീവമാക്കിയ തെയ്യക്കാലം ഇല്ലാതായത് ചരിത്രത്തിലാദ്യമാണെന്ന് ഇവർ പറയുന്നു. ആറുമാസം കൊണ്ട് ലഭിക്കുന്ന വരുമാനത്തിലാണ് ഇവർ ഒരു വർഷം പുലർത്തുന്നത്. സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങളും സൗജന്യ റേഷനുമൊക്കെ ലഭിച്ചുവെങ്കിലും ജീവിതം മുന്നോട്ടുനീക്കാൻ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്ന് ഇവർ പറയുന്നു. മലബാർ ദേവസ്വം ബോർഡ് ആചാര സ്ഥാനികർക്ക് നൽകിവരുന്ന സാമ്പത്തിക ആനുകൂല്യം തങ്ങൾക്കുകൂടി ലഭിക്കണമെന്ന ആവശ്യം വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്നും​ ഇവർ പറയുന്നു. വണ്ണാൻ, മലയൻ, വേലൻ, ചിങ്കത്താൻ, പുലയ സമുദായങ്ങളാണ് പ്രധാനമായി തെയ്യം കെട്ടിയാടുന്നത്.

അതേ സമയം കാസർകോട് ജില്ലയിൽ നിയന്ത്രണങ്ങളോടെ തെയ്യം കെട്ടിയാടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇത് പ്രാവർത്തികമാകാനുള്ള സാദ്ധ്യത കുറവാണെന്ന് ഈ മേഖലയിലുള്ളവർ ഒന്നടങ്കം പറയുന്നു.