pinarayi
പിണറായി കൺവെൻഷൻ സെന്റർ

പിണറായി: മികച്ച അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുമായി പിണറായി കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തിയായി. നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ നാടിന് സമർപ്പിക്കും. രാവിലെ 10.30 ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. സ്ഥലമേറ്റെടുപ്പും കെട്ടിടത്തിന്റെ നിർമ്മാണ ചെലവും ഉൾപ്പെടെ 18.65 കോടി രൂപ ചെലവിലാണ് കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം.

പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ടു ഘട്ടങ്ങളിലായി 8.25 കോടി രൂപയും കെട്ടിട നിർമ്മാണത്തിനായി മൂന്നു ഘട്ടങ്ങളിലായി 10.40 കോടി രൂപയുമാണ് അനുവദിച്ചത്. 2015-16 വർഷം മുൻ എം.എൽ.എ കെ.കെ നാരായണന്റെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തിൽ 2.65 കോടി രൂപ കൂടി അനുവദിച്ചു. സ്ട്രക്ച്ചർ, റാമ്പ്, ടോയ്‌ലറ്റ് ബ്ലോക്ക്, കിണർ തുടങ്ങിയ പ്രവൃത്തികൾക്കായാണ് ഈ തുക വിനിയോഗിച്ചത്.

മൂന്നാം ഘട്ടത്തിൽ സർക്കാരിന്റെ പ്രത്യേക ധനസഹായമായി ആറു കോടി രൂപ അനുവദിച്ചു. സ്റ്റേജ്, ഇന്റീരിയർ, ബൗണ്ടറി വാൾ, ഗേറ്റ്, ഇലക്ട്രിക്കൽ വർക്ക്, ഗ്രീൻ റൂം, ഗസ്റ്റ് റൂം തുടങ്ങിയ പ്രവൃത്തികൾക്കും സ്ഥലമേറ്റെടുപ്പിനുമായാണ് പണം അനുവദിച്ചത്. തൊള്ളായിരത്തിലേറെ പേരെ ഉൾക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയം, ഒരേ സമയം 150 പേർക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയ, കിച്ചൺ സംവിധാനം, ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ്, വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ കൺവെൻഷൻ സെന്ററിലൊരുക്കിയിട്ടുണ്ട്. ഇരുനിലകളിലാണ് നിർമ്മാണം.