അവശ്യസാധനങ്ങൾക്ക് ക്ഷാമം
കണ്ണൂർ: ആവശ്യ സാധനങ്ങൾക്ക് വിപണിയിൽ വില കുത്തനേ ഉയർന്നതോടെ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോയിൽ അവശ്യസാധനങ്ങളിൽ പലതും കിട്ടാനില്ല. നിത്യോപയോഗ സാധനങ്ങളായ പഞ്ചസാര, ചായപ്പൊടി, പയർ വർഗങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കടുത്ത ക്ഷാമമാണ് നേരിടുന്നത്. കടല, പയർ, ഉഴുന്ന്, പരിപ്പ്, പാൽപ്പൊടി ഇവയൊന്നും കിട്ടാനില്ലെന്നാണ് ആളുകൾ പറയുന്നത്.
കൊവിഡ് കാലത്ത് സർക്കാർ നൽകുന്ന കിറ്റിലേക്ക് സാധനങ്ങൾ നൽകുന്നത് കൊണ്ടാണ് ആവശ്യ സാധനങ്ങൾ സപ്ലൈകോയിൽ കിട്ടാനില്ലാത്തതെന്നാണ് അധികൃതരുടെ മറുപടിയെങ്കിലും ജില്ലയിൽ പല റേഷൻ കടകളിലും കിറ്റുകൾ മുറയ്ക്കെത്തുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. മാസം അവസാനമായിട്ടും റേഷൻ കടകളിൽ കിറ്റുകളെത്താത്ത അവസ്ഥയാണ്.
കഴിഞ്ഞ മാസത്തെ കിറ്റ് ഈ മാസം പകുതിയായിട്ടും പലർക്കും കിട്ടിയിട്ടില്ലെ ന്നും പറയുന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് റേഷൻ കടകളിൽ കിറ്റ് എത്താതെന്നാണ് റേഷൻ കടക്കാരുടെ മറുപടി. കിറ്റ് ലഭിച്ചവർക്ക് മുൻപുണ്ടായ പല സാധനങ്ങളും ഇത്തവണ ലഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ സാമ്പത്തികമായി പ്രതിസന്ധിയിലായതു കൊണ്ട് തന്നെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുമന്നതിനാൽ സപ്ലൈകോയിലേക്കാണ് കൂടുതൽ ആളുകളെത്തുന്നത്. സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്ക് അടക്കമാണ് എന്നാൽ ക്ഷാമം ഇവരെ നിരാശരാക്കുന്നത്. ഏറേനേരം ക്യൂവിൽ നിന്ന് വിയർത്തശേഷമാണ് സാധനങ്ങളില്ലെന്ന് അറിയുന്നതും.
പിടിച്ചു നിൽക്കാൻ പാടുതന്നെ
മഹാരാഷ്ട്ര, കർണാടക, തമിഴ് നാട് എന്നിവിടങ്ങളിലെ ശക്തമായ മഴയും കൃഷി നാശവും കാരണം പച്ചക്കറി വില ദിനംപ്രതി കുതിച്ച് ഉയരുന്ന സ്ഥിതിയാണ്. മത്സ്യ വിലയും തൊട്ടാൽ പൊള്ളുന്നതാണ്. ഇതിനിടയിൽ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും പിടിച്ചാൽ നിൽക്കുന്നില്ല. നിലവിലെ പ്രത്യേക സാഹചര്യത്തിൽ സാധരണക്കാരായ ആളുകൾ നിത്യ ചെലവിന് പാടു പെടുമ്പോഴാണ് സപ്ലൈകോയുടെ ഈ അനാസ്ഥ. സബ്സിഡി നിരക്കിൽ കിട്ടുന്ന സാധനങ്ങൾക്ക് വില കൂട്ടി ഇടുന്ന സ്ഥിതി വരെയുണ്ടെന്നാണ് ആക്ഷേപം.