kannur-uni

കണ്ണൂർ: സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഐ.ടി ഡിപ്പാർട്ട്മെൻറിൽ ഒരുങ്ങുന്ന സെൻട്രൽ കംപ്യൂട്ടിംഗ് ഫെസിലിറ്റി സർവകലാശാല തലത്തിൽ ആദ്യത്തെ ‘സമ്പൂർണ ഹരിത കംപ്യൂട്ടിംഗ് സംരംഭം’ ആണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഈ സംരംഭത്തിൽ പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ പാലക്കാട് നിർമിക്കുന്ന സ്മാഷ് പി.സി, സ്മാർട്ട് പവർ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചുകൊണ്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 27ന് വൈകിട്ട് 3.30ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഹരിത കംപ്യൂട്ടിംഗ് സംരംഭത്തിലൂടെ കണ്ണൂർ സർവകലാശാലയ്ക്ക് അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 1,44,000 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 102 മെട്രിക് ടൺ കാർബൺ ഡൈഓക്സൈഡ് ഉത്പാദനം കുറയ്ക്കുവാനും കഴിയുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്ന സ്റ്റുഡന്റ് അമിനിറ്റി സെന്ററിലെ മുഴുവൻ കംപ്യൂട്ടറുകളും സ്മാഷ് പി.സി ഉപയോഗിച്ചുകൊണ്ടുള്ളവയാണ്. പുതിയ ഡെസ്ക് ടോപ്പുകൾ സ്ഥാപിക്കുന്നവയിൽ പത്ത് ശതമാനമെങ്കിലും സ്മാർട്ട് പവർ സ്റ്റേഷനിലൂടെ പ്രവർത്തിക്കുന്നവയാണെങ്കിൽ പ്രതിവർഷം പത്ത് ദശലക്ഷം യൂണിറ്റ് ഗ്രിഡ് വൈദ്യുതി ലാഭിക്കാനാകുമെന്നും വി.സി പറഞ്ഞു.

വൈദ്യുതി ലാഭിക്കാം, മാലിന്യം കുറക്കാം

ഡെസ്ക് ടോപ് കംപ്യൂട്ടറുകൾ 150 വാട്ട്സ് ഉപയോഗിക്കുമ്പോൾ ഐ.ടി.ഐ സ്മാഷ് പി.സിയുടെ ഊർജ്ജ ഉപഭോഗം വെറും 35 വാട്ട്സ് മാത്രമാണ്. നിവലിൽ ഒരുക്കിയിരിക്കുന്ന ലാബിൽ 53 കംപ്യൂട്ടറുകളാണ് ഈ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുക. സോളാർ പാനലോടു കൂടി ഒരൊറ്റ സ്മാഷ് പി.സി സ്ഥാപിക്കുന്നതിലൂടെ പ്രതിവർഷം 267 കിലോഗ്രാം കാർബൺ ഉത്പാദനം ഒഴിവാക്കാം. പരിസ്ഥിതി സൗഹൃദ ഉത്പന്നത്തിന്റെ ഉപഭോഗത്തിലൂടെ ഇ- വേസ്റ്റിന്റെ അളവ് കുറയ്ക്കാനും കഴിയും.

അഞ്ചുവർഷത്തിൽ ലാഭിക്കാം 1,44,000 യൂണിറ്റ് വൈദ്യുതി

കാർബൺ ഡൈഓക്സൈഡ് ഉത്പാദനം കുറക്കാം 102 മെട്രിക് ടൺ