തൃക്കരിപ്പൂർ: വയനാടൻ വയലേലകളിൽ കൃഷി ചെയ്തുവരുന്ന അപൂർവനെല്ലിനമായ ജീരകശാലയ്ക്ക് കൊയോങ്കര പാടശേഖരത്തിൽ നൂറുമേനി വിളവ്. പാരമ്പര്യമായി ചെയ്തുവരുന്ന നാടൻ വിത്തിനങ്ങൾക്ക് പകരമായാണ് ജീരകശാല പരീക്ഷിച്ചതും വിജയകരമായതും.
ഈ വിത്തിനം നാട്ടിൻ പുറങ്ങളിൽ അപൂർവ്വമായി മാത്രമാണ് കൃഷി ചെയ്തുവരുന്നത്. നെൽചെടി പൂവിടാൻ തുടങ്ങിയാൽ സുഗന്ധപൂരിതമാകുന്നതും വിളഞ്ഞ കതിർമണികൾ സ്വർണ്ണവർണ്ണവുമാകുന്നത് പ്രത്യേകതയാണ്. പൊൻമണി നെൽകതിർ കൊയ്ത് കറ്റ കെട്ടിയാണ് കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കൊവിഡ് മാനദണ്ഡപ്രകാരം തൃക്കരിപ്പൂർ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ നിർവഹിച്ചത്. കൃഷി ഇറക്കാൻ മേൽനോട്ടം വഹിച്ച, മുൻ തൃക്കരിപ്പൂർ റോട്ടറി പ്രസിഡന്റ് കരിവെള്ളൂർ നാരായണൻ, കെ. ദിനേശൻ, എം. അമ്പു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വ്യത്യസ്ത പാടങ്ങളിലായി പതിനഞ്ചോളം കുടുംബശ്രീ തൊഴിലാളികൾ കൊയ്ത്തുൽത്സവത്തിൽ പങ്കെടുത്തു.
കാഴ്ചയിൽ ജീരകമണി
ജീരകത്തിനെപ്പോലെ ആകാരഭംഗിയുള്ളതുകൊണ്ടാണ് ജീരകശാല എന്ന് വിളിക്കുന്നത്. ചെറിയ ഉരുണ്ട അരിയും സുഗന്ധപൂരിതവുമാണ് ജീരകശാല. 150 ദിവസത്തോളമാണ് കൃഷി കാലാവധി. അമ്പലവയൽ കാർഷിക വികസന കേന്ദ്രത്തിന്റെ കീഴിൽ ഭൗമ ശാസ്ത്ര സൂചിക പദവി ലഭിച്ച നെല്ലിനം കൂടിയാണ്.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജീരകശാല കൃഷി ചെയ്തത്. ഒരേക്ര വയലിൽ ചെയ്ത കൃഷിയിൽ നല്ല വിളവ് ലഭിച്ചു. ഈ വയനാടൻ നെല്ലിനം നമ്മുടെ നാട്ടിലും സാദ്ധ്യമാകുമെന്നു തെളിയിക്കാൻ കഴിഞ്ഞു-
നാരായണൻ കരിവെള്ളൂർ (കർഷകൻ)