കണ്ണൂർ: ചാലക്കുന്നിൽ വീണ്ടും ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിലേക്ക് നിയന്ത്രണം വിട്ടു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർലോറി റോഡരികിലുള്ള കല്ലുവെട്ടുകുഴിയിൽ പതിച്ചു.

ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് എടക്കാട് എസ്.ഐ മധുസൂദനനും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നടാൽ വഴി കണ്ണൂരിലേക്ക് വഴിതിരിച്ചുവിട്ടു. ഏറെനേരം നടാൽ-താഴെചൊവ്വ റൂട്ടിൽ ഗതാഗതകുരുക്കും രൂക്ഷമായിരുന്നു.

2012 ആഗസ്റ്റ് 27ന് ഇവിടെ നടന്ന ടാങ്കർ ദുരന്തത്തിൽ 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.