കൂത്തുപറമ്പ്: ആമ്പിലാട് കളരിയാൽ കാവിന് സമീപത്തെ വീട്ടുപറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ ഉചയ്ക്ക് രണ്ട് മണിയോടെ തൈപ്പറമ്പത്ത് വീട്ടിൽ അർഷിത വീട്ടുവളപ്പിൽ നിന്ന്' വസ്ത്രങ്ങൾ അലക്കുന്നതിനിടയിലാണ് പുലിയെ കണ്ടതായി പറയുന്നത്. വീട്ടിലെ മറ്റുള്ളവർ പുലിയുടേത് പോലുള്ള ശബ്ദം കേട്ടതായും പറയുന്നു. വീട്ടുകാർ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് എ.എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ ചുറ്റുപാടുള്ള കാടിൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പുലിയെപ്പോലുള്ള ജീവിയെ കണ്ടതായി വീട്ടുകാർ പറയുന്നു. കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിലെ ബി.എഫ്.ഒ സിജേഷ്, വാച്ചർ വി .സി. വിജിലേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.