kottikulam
kotikkulam rob get

റെയിൽവെയുടെ ഉടക്കിൽ ടെൻഡർ നീളുന്നു

കാസർകോട്: കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യത്തിൽ കൂടി നിർമ്മിക്കേണ്ട നിർദ്ദിഷ്ട കോട്ടിക്കുളം റെയിൽവെ മേൽപ്പാലം സാങ്കേതിക കുരുക്കിലായി. സംസ്ഥാന സർക്കാർ ആവശ്യമായ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടും ടെൻഡർ ക്ഷണിക്കാൻ വൈകുന്നത് റെയിൽവെ അധികൃതരുടെ അനുമതി ലഭിക്കാത്തതു കൊണ്ടാണ്. കോട്ടിക്കുളം റെയിൽവെ മേൽപ്പാലമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.

കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കോട്ടിക്കുളം റെയിൽവെ മേൽപാലം നിർമ്മിക്കാൻ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനെ സംസ്ഥാന സർക്കാർ ചുമതല ഏല്പിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞു. 2017 മേയ് 16 ന്റെ ഉത്തരവ് പ്രകാരം കിഫ്ബി അധികൃതർ മേൽപ്പാല നിർമ്മാണത്തിനായി 19.60 കോടി രൂപ അനുവദിക്കുകയും ചെയ്തു. കോട്ടിക്കുളത്തെ സംഗമ സ്ഥാനത്തെ 'ബെൽ മൗത്ത്സി'ന് ആവശ്യമായതൊഴികെയുള്ള ഭൂമി റെയിൽവേ നേരത്തേ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ഏറ്റെടുത്ത ഭൂമി ഇപ്പോൾ കാടുമൂടി കിടക്കുകയാണ്.

ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റെയിൽവേയിൽ നിന്ന് സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന ഉപാധിയോടെ സംസ്ഥാനം തങ്ങളുടെ സമ്മതം ചെന്നൈയിലെ ദക്ഷിണ റെയിൽവെ ജനറൽ മാനേജരെ അറിയിച്ചിരുന്നു. നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ അനുമതി കിട്ടിയശേഷമേ മേൽപാല നിർമ്മാണത്തിന് ടെൻഡർ നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും ആർ.ബി.ഡി.സി.കെ. അധികാരികൾ വ്യക്തമാക്കുന്നു. പാലം നിർമ്മാണം ഉടനെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയുടെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ജി.സുധാകരന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികൾ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് എം.ഡി. ഇക്കാര്യം അറിയിച്ചത്.

റെയിൽവെയുടെ കാര്യമായതിനാൽ പ്രത്യേകമായ റോളൊന്നും പഞ്ചായത്തിനില്ല. സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് അത് നീണ്ടുപോകുന്നത്. അവസാനമായി എം.പി പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. എം.പിയും എം.എൽ.എയുമാണ് അതിന് മുൻകൈ എടുക്കേണ്ടത്.

കെ.എ. മുഹമ്മദലി

(ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

ഏറ്റെടുത്ത സ്ഥലം വർഷങ്ങളായി വെറുതെ കിടക്കുകയാണ്. ആർ.ഒ.ബിക്ക് വേണ്ടിയുള്ള സ്ഥലം സംബന്ധിച്ച തർക്കത്തിലാണ് മേൽപാലം നിർമ്മാണം നീണ്ടുപോകുന്നത്. എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ കൊണ്ടുവന്നെങ്കിലും ഇന്നും യാഥാർഥ്യമായിട്ടില്ല.

ജയാനന്ദൻ പാലക്കുന്ന്

(സെക്രട്ടറി എസ്.എൻ.ഡി.പി ഉദുമ യൂണിയൻ )

പതിനഞ്ചു വർഷം മുമ്പ് സ്ഥലം ഏറ്റെടുത്തിട്ടും മേൽപാലം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥിരമായി ഗേറ്റ് അടച്ചിടുന്നതു മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഡ്രൈവർമാരാണ്.

രാമചന്ദ്രൻ മുക്കുന്നോത്ത്

(ഓട്ടോറിക്ഷ ഡ്രൈവർ)