കണ്ണൂർ: ജില്ലയിൽ നടപ്പാക്കിയ നാല് ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും നിർമ്മിച്ച ബോട്ട് ടെർമിനലുകളുടെയും, മയ്യഴിപ്പുഴയുടെ കൈവഴിയായ ചൊക്ലി ബണ്ട്‌ റോഡിന്റെ സൗന്ദര്യ വത്കരണം, പാലക്കാട് സ്വാമിമഠം പാർക്ക് എന്നിവയുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

കണ്ണൂർ-കാസർകോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 53.07 കോടി രൂപയുടെ പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. 13 പദ്ധതികൾ അന്തിമഘട്ടത്തിലാണ്. രണ്ട് പദ്ധതികളുടെ പൈലിംഗ് പ്രവൃത്തികൾ ഉടൻ ആരംഭിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , എം.പിമാരായ കെ. സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം ഡയറക്ടർ പി ബാലകിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. പറശ്ശിനിക്കടവിൽ ജെയിസ് മാത്യു എം.എൽ.എയും പഴയങ്ങാടിയിൽ ടി.വി രാജേഷ് എം.എൽ.എ യും ബോട്ട്‌ടെർമിനലിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. എ.എൻ ഷംസീർ എം.എൽ.എ ,കണ്ണൂർ കോർപ്പറേഷൻ മേയർ സി. സീനത്ത്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, ആന്തൂർ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമള , ഡി.ടി.പി.സി സെക്രട്ടറി കെ.സി ശ്രീനിവാസൻ , ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ സി എൻ അനിത കുമാരി തുടങ്ങിയവർ പങ്കെടുത്തു.