
കാസർകോട്: വാട്സ് ആപ്പിൽ സമൻസ് അയച്ച്, വീഡിയോ കോളിലൂടെ മൊഴിയെടുത്ത് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ് നീതിന്യായമേഖലയിൽ പുതുചരിത്രം രചിച്ച് കാസർകോട്ടെ കുടുംബകോടതി.
ബേക്കൽ ചിറമ്മൽ സ്വദേശിയും ബദിയടുക്ക മാളംകൈ സ്വദേശിനിയും തമ്മിലുള്ള വിവാഹ മോചന കേസിലാണ് ദുബായിലുള്ള ഭർത്താവിന്റെ മൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തി വിചാരണ പൂർത്തിയാക്കി കുടുംബകോടതി ജഡ്ജി ഡോ. വിജയകുമാർ ഇന്നലെ വിധി പറഞ്ഞത്. വീഡിയോ കോളിലൂടെ നടപടികൾ തീർത്ത് കേസിൽ വിധി പറയുന്നത് കുടുംബകോടതികളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.
കഴിഞ്ഞ ഡിസംബറിൽ വിവാഹമോചന ഹരജി നൽകിയ ഭാര്യ കോടതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകിയിരുന്നു. ആറു മാസം കഴിഞ്ഞു കോടതി കേസ് വിചാരണയ്ക്ക് വച്ചപ്പോൾ ലോക്ക്ഡൗൺ ആയി.
ദുബായിൽ ഇലക്ട്രിക്കൽ എൻജിനിയറായ ഭർത്താവിന് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നതോടെ വാദിഭാഗം അഭിഭാഷകനായ പാലക്കുന്നിലെ ബാബു ചന്ദ്രൻ നൽകിയ അപേക്ഷ പരിഗണിച്ച കോടതി പുതിയ മാതൃക സ്വീകരിക്കുകയായിരുന്നു. വിചാരണയ്ക്കായി ഗൾഫിൽ നിന്ന് വരുന്നതിനുള്ള പ്രയാസം കണക്കിലെടുത്തും 58 വയസ് കഴിഞ്ഞതിനാൽ നാട്ടിലേക്ക് വന്ന് തിരികെ പോയാൽ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യം ബോധ്യപ്പെട്ടും കോടതി വീഡിയോ കോൺഫറൻസ് വഴി ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഒരു ദിവസം കൊണ്ട് വീഡിയോകോൾ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ജഡ്ജി മൂന്നാം ദിവസം വിവാഹമോചനം അനുവദിച്ചുകൊണ്ട് വിധി പറയുകയായിരുന്നു.