പയ്യന്നൂർ: കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും മണിയറയിലുള്ള കള്ള് ഷാപ്പിലും കവർച്ച. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളും ഓഫീസ് മുറിയും കുത്തിത്തുറന്നാണ് കവർച്ച നടത്തിയിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. ക്ഷേത്രത്തിന് അകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങളും പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച ഭണ്ഡാരവുമാണ് കുത്തി പൊളിച്ച് പണം കവർന്നിട്ടുള്ളത്. ക്ഷേത്രം ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്.

പന്ത്രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. മണിയറ കള്ള്ഷാപ്പ് കെട്ടിടത്തിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ടും, ഉള്ളിലെ നിരപ്പലകയുടെ പൂട്ടും പൊട്ടിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന ഏഴായിരത്തിലേറെ രൂപയുടെ നാണയങ്ങളാണ് കവർച്ച ചെയ്തത്.

വ്യാഴാഴ്ച രാവിലെ ഷാപ്പ് തുറക്കാനെത്തിയ ജീവനക്കാരൻ എം.എസ് പ്രസാദ് ആണ് വാതിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ഷാപ്പുടമ ലിന്റ് മാത്യു നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.