photo

പഴയങ്ങാടി: തീരദേശ ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന ഓലക്കാൽകടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ പൂവണിയുന്നത് രണ്ട് ഗ്രാമങ്ങളുടെ ചിരകാല സ്വപ്നമാണ്. മാടായി പഞ്ചായത്തിലെ ചൂട്ടാട് കടവിനെയും രാമന്തളി പഞ്ചായത്തിലെ ഓലക്കാൽകടവിനെയും ബന്ധിപ്പിക്കുന്ന കടവിലെ പാലത്തിനായി ഇരുകരയിലുമുള്ള ചൂട്ടാട്, പാലക്കോട് ഗ്രാമ നിവാസികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് അര നൂറ്റാണ്ടായി.

പല ഘട്ടങ്ങളിലായി പാലത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തികൾ നടന്നെങ്കിലും പാലം സ്വപ്നമായി അവശേഷിച്ചു. 1970ലെ സി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലം മുതൽ ആരംഭിച്ച ആലോചനകളാണ് തീരദേശ ഹൈവേ നിർമ്മാണത്തിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്. പാലക്കോട് നിന്ന് വിദ്യാർത്ഥികളടക്കമുള്ള ജനങ്ങൾ തോണി മാർഗ്ഗമാണ് സഞ്ചരിച്ചിരുന്നത് എന്നാൽ കടവിൽ തോണി ഇറക്കാൻ ആളെ കിട്ടാത്തത് കാരണം പാലക്കോട്- മുട്ടം പാലം വഴി ചുറ്റിത്തിരിഞ്ഞാണ് സഞ്ചാരം. 2003ൽ തൂക്ക്പാലത്തിനായി മാടായി, രാമന്തളി പഞ്ചായത്തുകൾ ശ്രമം നടത്തിയെങ്കിലും മാടായി പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റ് തൂണുകൾ ഉണ്ടാക്കിയത് വെറുതെ ആയി. വിദഗ്ദ്ധ പഠനത്തിൽ തൂക്ക്പാലം ഇവിടെ പ്രായോഗികമല്ലെന്ന് കണ്ടെത്തുകയായിരുന്നു.

സുനാമി ബാധിത പ്രദേശമായ ചൂട്ടാട് മൂന്ന് ഭാഗങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. സുനാമി പോലുള്ള അപകടങ്ങൾ വന്നാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഓലക്കാൽപാലം ഏറെ ഉപകരിക്കും. ഇരിണാവ്, മടക്കര, മാട്ടൂൽ, പുതിയങ്ങാടി, ചൂട്ടാട്, പാലക്കോട്, രാമന്തളി എന്നീ മത്സ്യബന്ധന ഗ്രാമങ്ങളെ ബന്ധിപ്പിക്കാനും ടൂറിസത്തിൽ വൻ കുതിപ്പേകാനും ഓലക്കാൽകടവ് പാലം ഉപകരിക്കും.

എട്ടിക്കുളം നേവൽ അക്കാദമിയിലേക്കുള്ള യാത്രയും സുഖകരമാകും. നൂറ് മീറ്റർ നീളമുള്ള പാലം നിർമ്മാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പതിനൊന്ന് ലക്ഷം രൂപ സർക്കാർ പഠനത്തിനായി അനുവദിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കിഫ്‌ബി അംഗീകാരം ലഭിച്ചാലുടൻ പ്രവർത്തി ആരംഭിക്കും. 2022 അവസാനത്തിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന തീരദേശ ഹൈവേയും ഓലക്കാൽകടവ് പാലവും യാഥാർഥ്യമാകുന്നതോടെ രണ്ട് ഗ്രാമങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. മാട്ടൂൽ, അഴീക്കൽ പാലം, ഓലക്കാൽകടവ് പാലം 16 കിലോമീറ്റർ തീരദേശ ഹൈവേ ഉൾപ്പെടെ 400 കോടിയോളം രൂപയുടെ വികസനം ഈ പദ്ധതി വഴി കല്യാശ്ശേരി മണ്ഡലത്തിൽ ഉണ്ടാകും.