സ്ഥാപിക്കുന്നത് സംസ്ഥാനത്ത് ആദ്യത്തെ കല്ലുമ്മക്കായ ഹാച്ചറി
നിർമ്മാണോദ്ഘാടനം 28 ന് രാവിലെ 11.30 ന് മന്ത്രി ജെ .മേഴ്സികുട്ടിയമ്മ നിർവഹിക്കും
പഴയങ്ങാടി:കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ -കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയിൽ അനുവദിച്ചു. 5 കോടി രൂപ ഇതിനായി അനുവദിച്ചു.പുതിയങ്ങാടി ഫിഷറീസ് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് ഹാച്ചറി നിർമ്മിക്കുന്നത്.
മത്സ്യ ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ഉല്പാദന വർദ്ധനവിനായി ജലകൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജൻസികളുടേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് ഹാച്ചറി നിർമ്മിക്കുന്നത്.മത്സ്യ കൃഷിയിൽ നേരിടുന്ന പ്രധാനതടസങ്ങളിൽ ഒന്ന് ഗുണമേന്മയുള്ള മത്സ്യവിത്ത് കർഷകർക്ക് ആവശ്യാനുസരണം ലഭ്യമാകുന്നില്ല എന്നതാണ്. സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ. ഐ യുടെ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുന്നത്.
മത്സ്യവിത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന്
മത്സ്യവിത്തിന്റെ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളിൽ നിന്നോ അല്ലെങ്കിൽ ജലാശയങ്ങളിൽ നിന്ന് നേരിട്ടോ ആണ് കർഷകർക്ക് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കർഷകർക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കല്ലുമ്മക്കായ വിത്തിനും വിവിധ കടൽ മത്സ്യങ്ങളുടെ വിത്തുല്പാദനത്തിനും ഗുണമേന്മയുള്ള മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് പുതിയങ്ങാടി കേന്ദ്രീകരിച്ച് കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം സ്ഥാപിക്കുന്നത്.
'നിർമ്മാണം കേരള തീരദേശ വികസന കോർപ്പറേഷൻ മുഖേന നിർവഹിക്കും. പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യ കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്പാദിപ്പിക്കുവാൻ ലക്ഷ്യമിടുന്നത്'
ടി.വി.രാജേഷ് എം .എൽ .എ