nellu
കോൺക്രീറ്റ് ചെയ്ത പ്ളാസിറ്റ് ഷീറ്റിൽ പുതിയ നെൽകൃഷി രീതിയുമായി നെല്ലിന്റെ വിട ചിത്രാ സജീവൻ

കതിരൂർ : കോൺക്രീറ്റ് കാടുകൾ നിറഞ്ഞ് പാടങ്ങൾ അന്യമാകുന്ന കാലത്ത് കോൺക്രീറ്റ് ചെയ്ത വീട്ടുമുറ്റത്ത് പ്ലാസ്റ്റിക്ക് ഷീറ്റിൽ നെൽവയൽ സൃഷ്ടിച്ച് നെല്ല് വിളയിക്കുകയാണ് കിഴക്കേകതിരൂർ നെല്ലിന്റവിട ചിത്രാസജീവൻ. 10 മീറ്റർ വീതിയും 10 മീറ്റർ നീളവുമുള്ള പന്തലിനുപയോഗിക്കുന്ന കട്ടികൂടിയ പ്ലാസ്റ്റിക്ക് ഷീറ്റ്, 80 ഇഷ്ടിക,മണ്ണ്, വെള്ളം എന്നിവ ഉപയോഗിച്ചാണ് വയലിന്റെ മാതൃകയുണ്ടാക്കിയത്.
നാല് ഭാഗവും രണ്ട് ഇഷ്ടക ഉയരത്തിൽ വെച്ച് അതിനുള്ളിൽ ഷീറ്റ് വിരിച്ചു.

രണ്ട് ഇഞ്ച് കനത്തിൽ പറമ്പിലെ മണ്ണും, ചാണകവും ചേർത്ത മിശ്രിതം നിറച്ചു. അതിന് ശേഷം നെൽവിത്തിട്ടു.മുളച്ച് ഏഴ്എട്ട് ഇഞ്ച് ഉയർന്നപ്പോൾ മുഴുവനായ് വള്ളം നിറച്ചു. വെള്ളത്തിൽ ചെറിയ മത്സ്യങ്ങളേയും അസോള പായലും നിക്ഷേപിച്ചു. മത്സ്യത്തിന് ദിവസവും തീറ്റ നല്കും എന്നതൊഴിച്ചാൽ മറ്റ് ഒരു വളവും നെല്ലിനായി നല്കിയിട്ടില്ല. മത്സ്യത്തിന്റെ കാഷ്ടമാണ് വളം. മൈക്രോ ന്യൂട്രീനായ കാഷ്ടം ചെടികളുടെ പോഷണത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ മറ്റ് വളങ്ങളുടെ ആവശ്യവുമില്ല.മൂന്നര മാസം കൊണ്ടാണ് നല്ല് വിളഞ്ഞത്. നല്ല വിളവും ലഭിച്ചു. നെല്ല് കഴിഞ്ഞാൽ വെള്ളം പൂർണ്ണമായും വറ്റിയ ശേഷം ഇതിൽ തന്നെ വൻപയർ, ചെറുപയർ എന്നിവ നടാനാവും. നാലായിരം രൂപയിൽ താഴെ മാത്രമാണ് ചെലവ് വന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റിന് ഒന്നും സംഭവിക്കുകയില്ല. ദീർഘകാലം കൃഷി ചെയ്യാനാവും.

അമ്മയുടെ കൃഷി അറിവിൽ നിന്ന്
പാട്യം പഞ്ചായത്തിൽ നിന്നാണ് നെൽവിത്ത് കിട്ടിയത്. കർഷകയായ അമ്മ അന്തോളി ജാനകിയാണ് കൃഷി ചെയ്യേണ്ട വിധമൊക്കെ പറഞ്ഞു കൊടുത്തത്. വെള്ളത്തിൽ മത്സ്യമുള്ളതിനാൽ കൊതുകുശല്യമുണ്ടാവില്ല.പൂമ്പാറ്റ, കൊറ്റി, തവള എന്നിവയും അതിഥികളായി ഇവിടെ എത്താറുണ്ട്. ഇഷ്ടികയുടെ ഉയരം ഒന്നര അടിയാക്കി ഉയർത്തി ഷീറ്റിട്ട് വെള്ളം നിറച്ചാൽ മുണ്ടോൻ കൃഷിയും കൂടെ ഭക്ഷ്യയോഗ്യമായ മത്സ്യവും വളർത്താനാവും.രണ്ടടി ഉയരത്തിൽ ചുറ്റും വല കെട്ടിക്കൊടുത്താൽ മത്സ്യം വലുതാകുമ്പോൾ പുറത്തേക്ക് ചാടാനാവില്ല. നല്ല് വിളഞ്ഞ് വരുമ്പോഴേക്കും മത്സ്യവും പാകമാവും. പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോഴുള്ള രീതി വിജയിച്ചതു കൊണ്ട് അടുത്ത തവണ വീടിന്റെ ടറസ്സിന് മുകളിൽ കൃഷിചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് സജീവൻ.നിരവധി ഔഷധ സസ്യങ്ങളും, മത്സ്യവും സജീവൻ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്.