കണ്ണൂർ: നവരാത്രി ആഘോഷങ്ങൾ സർക്കാർ കൊവിഡ് 19 നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കരുതലോടെ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. നവരാത്രി ആഘോഷവും വിദ്യാരംഭവും പരമാവധി വീടുകളിൽ മാത്രമായി നടത്താൻ ശ്രദ്ധിക്കണം. പൂജകളും ചടങ്ങുകളും നടത്തുന്ന സ്ഥലങ്ങളിൽ പ്രവേശന കവാടത്തിൽ ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ നടത്തണം.
ആളുകളെ സ്‌ക്രീനിംഗ് നടത്തി മാത്രമേ അകത്തേക്ക് കടത്തി വിടാവൂ. ആളുകൾ തമ്മിൽ ചുരുങ്ങിയത് 6 അടി അകലം പാലിക്കണം. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ കൈയിൽ കരുതുകയും വേണം. കൈകഴുകാനും അണുവിമുക്തമാക്കാനുമുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിരിക്കണം.
വിദ്യാരംഭച്ചടങ്ങിൽ കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിക്കാനുപയോഗിക്കുന്ന സ്വർണം ഉൾപ്പടെയുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ചടങ്ങുകളിൽ സംബന്ധിക്കുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും നിർബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണം.