കാഞ്ഞങ്ങാട്: തെക്കിലിലെ ടാറ്റ കൊവിഡ് ആശുപത്രി രോഗികൾക്ക് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കേരളപിറവി ദിനമായ നവംബർ ഒന്നു മുതൽ മാന്തോപ്പ് മൈതാനിയിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി വാർത്താസമ്മേളനത്തിലറിയിച്ചു. ജീവൻ രക്ഷാസമരം എന്നു പേരിട്ടിട്ടുള്ള നിരാഹാര സത്യഗ്രഹം അന്നു രാവിലെ 10 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടന മാമാങ്കം നടത്തുന്ന സർക്കാർ കൊവിഡ് രോഗികളെ കാണാതെ പോവുകയാണ്. ദുരന്ത നിവാരണ ഫണ്ടിൽ 10 കോടിയുണ്ട്. ഇതിൽ രണ്ട് കോടി മതിയാകും ആശുപതിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ. എൻ.ആർ.എച്ച്.എമ്മിനെയോ ഡി.എം.ഒയേയൊ ജീവനക്കാരെ നിയമിക്കുന്നകാര്യം ചുമതലപ്പെടുത്തണമെന്നും എം.പി കൂട്ടിച്ചേർത്തു. കെ.പി.സി.സി സെക്രട്ടറിമാരായ സി. ബാലകൃഷ്ണൻ, എം. അസിനാർ ,ഡി.സി.സി സെക്രട്ടറി വിനോദ്കുമാർ പള്ളയിൽ വീട്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസ് എന്നിവരും സംബന്ധിച്ചു.