നീലേശ്വരം: ഏതൊരു പൊലീസ് സ്റ്റേഷനിലേയും പോലെ നീലേശ്വരം പൊലീസ് സ്റ്റേഷനിലും പാറാവുകാർ മാറിമാറി വരും. പക്ഷെ എട്ടുവർഷമായി മാറ്റമില്ലാതെ പാറാവിൽ നിന്ന് മാറാത്തവളാണ് പാറു. എട്ടുവർഷം മുമ്പ് കാലിൽ കമ്പി തറച്ച് ദൈന്യതയോടെ എത്തിയപ്പോൾ കാട്ടിയ കാരുണ്യത്തിന് ഈ പൊലീസ് സ്റ്റേഷന് കാവലിരിക്കുകയാണ് ഈ നായ.
കാലിൽ മുറിവേറ്റ നായയെ അന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ മരുന്ന് വച്ച് സുഖപ്പെടുത്തുകയായിരുന്നു.വേണ്ടുന്ന ഭക്ഷണവും പൊലീസുകാർ നൽകി. മുറിവുണങ്ങിയതിൽ പിന്നെ നായ പൊലീസ് കോമ്പൗണ്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പൊലീസുകാർ തന്നെയാണ് 'പാറു എന്ന് പേരു നൽകിയത്.പാറുവിന് വേണ്ടുന്ന ഭക്ഷണം ഇപ്പോഴും പൊലീസുകാർ തന്നെയാണ് നൽകുന്നത്. ലോക്ക് ഡൗൺ കാലത്തും പാറുവിന് ഭക്ഷണത്തിന് ക്ഷാമമുണ്ടായിട്ടില്ല.
അസമയത്ത് പോലീസ് വേഷത്തിലല്ലാതെ കോമ്പൗണ്ടിൽ കണ്ടാൽ അപ്പോൾ തന്നെ ഉച്ചത്തിൽ കുരച്ച് വിവരമറിയിക്കുന്നതാണ് പാറുവിന്റെ പ്രധാന ഡ്യൂട്ടി. അതെ സമയം സ്റ്റേഷൻ മുറ്റത്ത് വച്ച് ഈ നായ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.