പയ്യന്നൂർ: പയ്യന്നൂരിൽ കെ.എസ്.എഫ്.ഡി.സി തീയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം 27ന്
മന്ത്രി എ.കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പയ്യന്നൂരിൽ നിർമ്മിക്കുന്ന തീയേറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം 27ന് രാവിലെ 11ന് സാംസ്‌കാരികമന്ത്രി എ.കെ ബാലൻ നിർവഹിക്കും. തീയേറ്റർ സമുച്ചയത്തിൽ 309 സീറ്റുകളും രണ്ടു സ്‌ക്രീനുകളുമാണുള്ളത്.
കെ.എസ്.എഫ്.ഡി.സിക്ക് ഇപ്പോൾ ആറു ജില്ലകളിലായി 17 സിനിമാ തീയറ്ററുകളും ഒരു പ്രിവ്യൂ തീയേറ്ററും മൂന്നു സ്റ്റുഡിയോകളുമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിപ്രകാരം കലാമൂല്യമുള്ള ചിത്രങ്ങൾ ഒരേ സമയം പ്രേക്ഷകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ആധുനികരീതിയിലുള്ള 100 സ്‌ക്രീനുകൾ നിർമിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരിൽ പുതിയ തീയറ്റർ വരുന്നത്. ഉദ്ഘാടനചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും.