കാസർകോട്: പാണത്തൂരിലെ സി.പി.എം നേതാവും പനത്തടി പഞ്ചായത്ത് മുൻ ഭരണസമിതിയംഗവുമായ കെ.കെ കുഞ്ഞിരാമനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. മുഹമ്മദ്സലാം, സഹദ്, ശ്രീജേഷ്, ഷൗക്കത്ത്, ചന്ദ്രൻ, സുമിത്കുമാർ, അഷ്രഫ്, അബ്ദുൽസത്താർ, സുനിൽകുമാർ, വത്സൻ എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി വിട്ടയച്ചത്. 2006 ജനുവരി 20ന് പുലർച്ചെ 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
സി.എം.പി നേതാവ് പരിയാരം അബ്ബാസിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്നാരോപിച്ച് മക്കളായ മുഹമ്മദ് സലാമും അഷ്രഫും ക്വട്ടേഷൻ നൽകിയും ഗൂഢാലോചന നടത്തിയും കൃത്യം നിർവഹിച്ചുവെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതിനാൽ പ്രതികളെ കോടതി വിട്ടയക്കുകയായിരുന്നു.