dharmadam
പണി തീർന്നിട്ടും കമ്മിഷൻ ചെയ്യാത്ത ധർമ്മടം കൊടുവള്ളി റെയിൽവേ പാലം

തലശ്ശേരി: വലിയതോതിൽ കുലുക്കവും ശബ്ദവും ഉണ്ടായിട്ടും ട്രെയിനുകൾ ഓടുന്നത് ധർമ്മടം കൊടുവള്ളിയിലെ പഴയ പാലം വഴി തന്നെ. പുതിയ പാലം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും കമ്മിഷൻ ചെയ്യാതെ കടുത്ത അനാസ്ഥയാണ് റെയിൽവേ ഇപ്പോഴും കാട്ടുന്നത്.

. 57ഓളം പേരുടെ മരണത്തിനിടയാക്കിയ കടലുണ്ടി ദുരന്തത്തിന് പിന്നാലെയാണ് ബലക്കുറവുള്ള പത്തോളം റെയിൽവേപ്പാലങ്ങൾക്ക് പകരം പുതിയവ നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചത്. കൊടുവള്ളി പാലം ഇതിന്റെ ഭാഗമായി പുതുക്കിപ്പണിതു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേവലം രണ്ട് കി.മീറ്റർ മാത്രമകലെയുള്ള ധർമ്മടം പുഴയോട് ചേർന്ന് സമാന്തരമായാണ നിർമ്മിച്ചത് , 119 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചിട്ടുള്ള പാലത്തിന് സമാന്തരമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് മൂന്ന് വർഷങ്ങൾ മുമ്പ് പുതിയ പാലം പണിതിട്ടുണ്ട് . എന്നാൽ 'ആനയെ വാങ്ങി തോട്ടി വാങ്ങാനായില്ല എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധത്തിലായി പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.
പുതിയ പാലം ട്രെയിൻ ഓടാൻ സുസജ്ജമായിട്ട് മൂന്ന് വർഷമായി. എന്നാൽ തൊട്ടടുത്ത സ്ഥലമെടുപ്പ്മായി ബന്ധപ്പെട്ട നിസ്സാരമായ ഒരു കാരണത്താൽ മാത്രമാണ് ആയിരക്കണക്കിന് ട്രെയിൻ യാത്രക്കാർക്ക് ജീവ ഭയം ഉണ്ടാക്കുന്ന വിധത്തിൽ, തുരുമ്പെടുത്ത് തകർന്ന് തരിപ്പണമായ പാലത്തിലൂടെ നിത്യേന നൂറ് കണക്കിന് ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നത് . ഇന്ത്യൻ റെയിൽവേയുടെ ഉത്തരവാദപ്പെട്ട അധികൃതരുടെ കുറ്റകരമായ അനാസ്ഥയുടെ സാക്ഷ്യപത്രമാണിത്.
എന്നാൽ തലശ്ശേരിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുക്കപ്പെട്ട രണ്ട് എം.പിമാരെ കൂടാതെ മറ്റു മൂന്ന് എം.പി.മാർ കൂടി ഇവിടെയുണ്ട്. ലോക് സഭയിലും, രാജ്യസഭയിലും രണ്ട് വീതം എം.പി.മാരുള്ള, ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏക സ്ഥലമാണ് തലശ്ശേരി .ഇവരെല്ലാം അതിപ്രശസ്തരുമാണ്. .തെരഞ്ഞെടുക്കപ്പെട്ട എം.പി. കെ.സുധാകരൻ, നിലവിലെ കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റുമാണെങ്കിൽ, രാജ്യസഭയിലുള്ള രണ്ട് അംഗങ്ങളിൽ ഒരാൾ ബി.ജെ.പി.മുൻ.സംസ്ഥാന പ്രസിഡന്റും നിലവിൽ കേന്ദ്ര സഹമന്ത്രിയുമാണ്. മറ്റൊരാൾ എസ്.എഫ്.ഐ.മുൻ.അഖിലേന്ത്യാ സെക്രട്ടറിയും, സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവുമാണ് .വടകര മണ്ഡലത്തിന്റെ അതിർത്തിയിലാണ് ഈ പാലം' മുൻ മന്ത്രി കൂടിയായ കെ.മുരളീധരനാണ് ലോക്സഭയിലെ മറ്റൊരു എം.പി. ലോക്സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും തലശ്ശേരി സ്വദേശിയുമാണ്.ഇതിനെല്ലാം പുറമെ റെയിൽവെ പാസഞ്ചേർസ്എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസും തലശ്ശേരിക്കാരൻ തന്നെ.
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ പ്രബലമായ മൂന്ന് മുന്നണികളിലെയും അംഗങ്ങളാണിവർ. എന്നാൽ പ്രഗത്ഭരായ ഈ അഞ്ച് ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരു തുണ്ട് ഭൂമിയുടെ തർക്കത്തിൽ വഴിമുട്ടി നിൽക്കുന്ന നിസ്സാരമായ ഈ പ്രശ്നം എന്നേ പരിഹരിക്കാൻ സാധിച്ചേനേ.
എന്നാൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നിസ്സാര കാര്യത്തിന്റെ പേരിൽ കോടികൾ ചെലവ് ചെയ്ത്, മൂന്ന് വർഷങ്ങൾക്ക് മുമ്പ് പണി കഴിഞ്ഞ പാലത്തിലൂടെ ട്രെയിനുകൾ ഓടുന്നതിനായി തുറന്ന് കൊടുക്കുന്നതിന്, താത്പര്യമെടുക്കാത്ത റെയിൽവേയുടെ ഉന്നതാധികാരികൾക്കെതിരെ ശബ്ദിക്കാനും , ആയിരക്കണക്കിന് ട്രെയിൻ യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടുന്നത് അവസാനിപ്പിക്കുവാനും ഈ അഞ്ച് ജനപ്രതിനിധികളും , ഐക്യത്തോടെ പത്ത് മിനിട്ട് വിചാരിച്ചാൽ മതി . അല്ലാത്ത പക്ഷം , കടലുണ്ടിയെക്കാളും തീവ്രതയേറിയ ഒരു വലിയ ട്രെയിൻ ദുരന്തത്തിന് തലശ്ശേരി സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന ഭീതിയിലാണ് ഇന്നാട്ടുകാർ.