
കണ്ണൂർ: കോഴിക്കോട്ടെ വീടിനു പിന്നാലെ കെ. എം.. ഷാജി എം. എൽ. എയുടെ കണ്ണൂരിലെ വീടിനെ കുറിച്ചും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു.
കണ്ണൂർ മണലിൽ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. 27നകം റിപ്പോർട്ട് കൈമാറണം. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശമനുസരിച്ച് എൻജിനീയറിംഗ് വിഭാഗം പരിശോധന നടത്തി വീടിന്റെ വില നിർണയിച്ചു. 2300 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 27 ലക്ഷം രൂപയോളം വില വരുമെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ആസ്തിവകയിൽ ഈ വീട് സത്യവാങ് മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഹയർസെക്കൻഡറി സ്കൂൾ അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ കെ.എം. ഷാജിക്കെതിരേ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. ഇ.ഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉൾപ്പെടെ 30 പേർക്കു നോട്ടീസ് നൽകിയിരുന്നു. പണം കൈമാറിയതായി പറയുന്നവരും ചർച്ചകളിൽ പങ്കെടുത്തവരും ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കാനായി അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ലീഗ് നേതാവു കൂടിയായ കെ.എം. ഷാജിക്കെതിരായ ആരോപണം.
കെ. എം. ഷാജി എം. എൽ. എ
തന്റെ വീടിനെ പറ്റിയുള്ള എൻഫോഴ്സമെന്റ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. കോഴിക്കോട്ടെ വീട് പൊളിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. വീട് നിർമ്മാണത്തിൽ ക്രമക്കേട് നടത്തിയിട്ടില്ല.