കതിരൂർ : കോങ്ങാറ്റ കേളപ്പൻ പീടികയ്ക്ക് സമീപത്തെ കോറോത്ത് വീട്ടിൽ പി.എ.പ്രശാന്തിന് ഉപയോഗ ശൂന്യമായ ടയർ വെറുതെ കളയാനുള്ളതല്ല. ദീർഘകാലം ഈടുനിൽക്കുന്ന പൂച്ചട്ടികളുണ്ടാക്കി നല്ലൊരു വരുമാനമാർഗവും ടയറുകൾ ഉപേക്ഷിക്കുന്നതുവഴിയുള്ള പരിസ്ഥിതിപ്രശ്നം ഒഴിവാക്കാനുമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം.
സ്‌കൂട്ടർ, കാർ, ഓട്ടോറിക്ഷ തുടങ്ങിയവയുടെ ടയറുകളാണ് ചട്ടി നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.ടയർ കട്ടിംഗ് മിഷൻ ഉപയോഗിച്ച് ഉൾഭാഗം പൂവിതിളിന്റെ രീതിയിൽ മുറിച്ചെടുക്കും. അതിന് ശേഷം ഉൾഭാഗം പുറത്തു വരുന്ന രീതിയിൽ മറച്ചിടും. അപ്പോൾ ചട്ടിയുടെ അകൃതി ലഭിക്കും.മുറിച്ചെടുത്ത ഭാഗം ചട്ടിയുടെ അടിയിൽ സ്റ്റാന്റായി ഉപയോഗിക്കും. ടയറിന്റെ ട്യൂബ് മുറിച്ചെടുത്ത് നിവർത്തി അടിഭാഗം പൂർണ്ണമായും കവർ ചെയ്യും. സ്റ്റീൽ കമ്പി ഉപയോഗിച്ചാണ് ട്യൂബ് ഷീറ്റ് ടയറുമായി ഘടിപ്പിക്കുന്നത്.പിന്നീട് ചട്ടി മുഴുവൻ ആകർഷകമായ പെയിന്റടിച്ച് ഭംഗിയാക്കും.
അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന പ്രശാന്ത് സോഷ്യൽ മീഡിയയിലൂടെയാണ് ടയർ കൊണ്ടുള്ള ചട്ടി നിർമ്മാണം മനസിലാക്കിയത്. അലൂമിനിയം ഫാബ്രിക്കേഷന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ പ്രശാന്തിന് സോഷ്യൽ മീഡിയയിൽ കണ്ടതിനെക്കാൾ എളുപ്പത്തിൽ നിർമ്മിക്കാനായി. ഏത് ടയർ ഉപയോഗിച്ചും ചട്ടി നിർമ്മിക്കാം. പക്ഷെ വലിയ വാഹനങ്ങളുടെ ടയറിന് കട്ടി കൂടുതലായതിനാൽ മറിച്ചിടാൻ ഏറെ പ്രയാസപ്പെടേണ്ടി വരും.
വില 150മുതൽ
ഒരു ടയറിന്റെ ചട്ടിക്ക് 150 രൂപ മുതലാണ് വിൽക്കുന്നത്. ഒരുപാട് പേർ ചട്ടിവാങ്ങാനെത്തുന്നുണ്ട്. കൃഷി ദീപം ഫേസ് ബുക്ക് കൂട്ടായ്മയിലൂടെയാണ് വില്പന കൂടുതലും. പച്ചക്കറി, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ഔഷധ സസ്യങ്ങൾ എന്നിവയും ടയർ ചട്ടിയിൽ നടാം. ലോക്ക്ഡൗണിന്റെ കാലത്ത് ടയർ കടയിൽ നിന്ന് പഴയ ടയർ വിലകൊടുത്ത് വാങ്ങി നിരവധി ചട്ടികൾ നിർമ്മിച്ചു.ഇങ്ങനെ വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ നല്ലൊരു വരുമാനമുണ്ടാക്കാനും കഴിഞ്ഞു. ഭാര്യ പി.ഷനിതയും വിദ്യാർത്ഥികളായ മക്കൾ മയൂഖും പാർവ്വണയും പ്രശാന്തിനെ സഹായിക്കാനുമുണ്ട്.