കണ്ണൂർ: അഴീക്കോട് എം.എൽ.എയുടെ അഴിമതിക്കും നികുതിവെട്ടിപ്പിനും ചട്ടലംഘനത്തിനും അവിഹിത സ്വത്ത് സമ്പാദനത്തിനുമെതിരെ 30 ന് 4 മണിക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു അനുവദിക്കാൻ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കൈക്കൂലി വാങ്ങിയതിനാൽ വിജിലൻസ് ചാർജ്ജ് ചെയ്ത കേസിലെ പ്രതിയാണ് കെ.എം ഷാജി. ലീഗിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അഴിമതിക്കേസിൽ പ്രതിയായിട്ടും ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല അഴിമതിയും വെട്ടിപ്പും അലങ്കാരമാക്കി കൊണ്ടുനടക്കുന്ന മറ്റ് രണ്ട് എം.എൽ.എമാർക്കും ലീഗ് നേതൃത്വത്തിന്റെ സംരക്ഷണമാണ് ലഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.