truama

ക​ണ്ണൂ​ർ: കണ്ണൂർ ജില്ലാ ആശുപത്രിയെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗതയേറി. ജില്ലാ ആശുപത്രിയിൽ അത്യാധുനിക ട്രോമാകെയർ പ്രവർത്തനം തുടങ്ങി.. 1.90 കോടി ചെലവിട്ടാണ് ട്രോമ കെയർ സജ്ജമാക്കിയത്. ജീവൻ രക്ഷിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെയുഉള്ളത്.

അസൗകര്യങ്ങളിൽ ഞെരുങ്ങുന്ന നിലവിലെ അത്യാഹിത വിഭാഗത്തിൽനിന്ന് മാറി മെച്ചപ്പെട്ട സേവനം നൽകുകയാണ് ലക്ഷ്യം. രണ്ടു ബെഡുകൾമാത്രമുള്ള അത്യാഹിത വിഭാഗം പ്രയാസങ്ങളോടെയാണ് പ്രവർത്തിച്ചിരുന്നത്‌.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന റെഡ് സോണിൽ രണ്ട് കിടക്കകളാണുളളത്. അപകടനില മറികടന്നവർക്കായി യെല്ലോ സോണിൽ നാല് കിടക്കകളുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക്‌ ഗ്രീൻ സോണിൽ ഒമ്പത് കിടക്കകളുണ്ട്. വെൻറിലേറ്റർ, മോണിറ്റർ, കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം, ഫാർമസി, മൈനർ പ്രൊസീജ്യർ മുറി എന്നിവയുമുണ്ട്.


വരുന്നു, 60 കോടിയുടെ നവീകരണം

ജില്ലാ ആശുപത്രിയിൽ 60 കോടിയുടെ ആദ്യഘട്ട നിർമാണനവീകരണ പ്രവർത്തനങ്ങൾക്കാണ് അനുമതിയായത്. ആശുപത്രിയിലെ ചില കെട്ടിടങ്ങൾ നവീകരിക്കും. പുതിയ ബ്ലോക്കുകൾ നിർമ്മിക്കും. ആശുപത്രിയിൽ പരിസ്ഥിതിസൗഹൃദവും സൗന്ദര്യപൂർണവുമായ പരിസരവും സൃഷ്ടിക്കും. നിലവിൽ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങൾ പുനക്രമീകരിക്കും.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് അടിയന്തര ഘട്ട ങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പ്ലാന്റും നിർമിക്കും. ഇടതടലില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളുംആശുപത്രിയിൽ ഒരുക്കും. ഇതിനായി ട്രാൻസ്‌ഫോമറുകൾ, ജനറേറ്ററുകൾ, യു. പി. എസ് സിസ്റ്റം തുടങ്ങിയവ സ്ഥാപിക്കും. കിടത്തി ചികിൽത്സിക്കാനുള്ള സൗകര്യങ്ങൾ ഇരട്ടിയാക്കും. പേ വാർഡുകൾ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഏഴ് ഓപ്പറേഷൻ തിയറ്ററുകൾ, പുതിയ ബ്ലഡ് ബാങ്ക്, കൂടുതൽ എക്സ്‌റേ, അൾട്രാ സൗണ്ട് എം. ആർ. ഐ സ്‌കാനിംഗ് സംവിധാനങ്ങൾ, ഒ. പിയിൽ മൂന്നൂറോളം പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, 300ലേറെ പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഒ.പിയിൽ ഇലക്ട്രോണിക് റജിസ്ട്രേഷൻ:

ഒ. പി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയിൽ ഇലക്രേ്ടാണിക് രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തും.. വിശാലമായ രണ്ട് പ്രവേശന കവാടങ്ങളോടു കൂടിയ സുരക്ഷിതമായ ചുറ്റുമതിൽ, വിവിധ ബ്ലോക്കുകൾക്കിടയിൽ അനായാസം സഞ്ചരിക്കാനുള്ള റോഡുകൾ, നടപ്പാതകൾ, പാലങ്ങൾ, കുട്ടികൾക്കുള്ള പാർക്കുകൾ, ആധുനിക രീതിയിലുള്ള ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവയുമുണ്ടാകും.

'ഗുരുതരാവസ്ഥയിലെത്തുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള സൗകര്യങ്ങളാണ് അത്യാഹിത വിഭാഗത്തിൽ സജ്ജമാക്കിയത്. കണ്ണൂർ ജില്ലാ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾ നടന്നു വരികയാണ്'-

കെ.വി. സുമേഷ്,പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്