കാസർകോട് : ബിൻലാദനെയും ബാഗ്ദാദിയെയും പൂട്ടാൻ അമേരിക്കൻ സേനയെ സഹായിച്ചതിലൂടെ ഖ്യാതി നേടിയ വിഭാഗത്തിലെ കരുത്തൻ കാസർകോട് ഡോഗ് സ്‌കോഡിൽ പുതിയ അതിഥി. 'ബെൽജിയം മെലറ്റയ്സ് ' വിഭാഗത്തിൽപ്പെട്ട ടൈസൺ ആണ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ വിഭാഗത്തിൽപെട്ട പൊലീസ് നായ റൂണിക്ക് കൂട്ടായി ഇന്നലെ സർവീസിൽ കയറിയത്.
കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളെ കണ്ടെത്താൻ കരുത്തു തെളിയിച്ച റൂണി ആണ് ഡോഗ് സ്‌കോഡിൽ നിലവിലുള്ളത്. കൊലയാളികളെ ഏത് മാളത്തിൽ ഒളിച്ചാലും കണ്ടെത്തുന്ന ട്രാക്കർ ഡോഗ് വിഭാഗത്തിൽപ്പെട്ട ശക്തനാണ് ടൈസൺ. മിസ്സിംഗ് കേസുകളിലും അഗ്രഗണ്യരാണ് ഈ വിഭാഗം. പഞ്ചാബിലെ പൊലീസ് ബ്രീഡിംഗ് സെന്ററിൽ നിന്ന് കേരള പൊലീസിന് ആദ്യമായി ലഭിച്ച അഞ്ച് ട്രാക്കർ ഡോഗുകളിൽ ഒന്നാണ് കാസർകോട് ഡോഗ് സ്‌കോഡിൽ എത്തിയ നവാഗതൻ ടൈസൺ. തൃശൂരിലെ കേരള പൊലീസ് അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞാണ് ടൈസൺ ഇന്നലെ രാവിലെ കാസർകോട് ക്യാമ്പിലെത്തിയത്. സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, രജിത്ത് എന്നിവരാണ് സ്‌കോഡിൽ ടൈസന്റെ സംരക്ഷകർ.
ആറാമത്തെ അതിഥി
ഡോഗ് സ്‌കോഡിൽ എത്തുന്ന ആറാമത്തെ പൊലീസ് നായയാണ് ഈ അഥിതി. റൂണിക്ക് പുറമെ ദേശീയ മെഡൽ ജേതാവ് ബഡ്ഡി, സംസ്ഥാന മെഡൽ ജേതാവ് ചാർലി, ക്യാമി നർക്കോട്ടിക് കേസുകൾ പിടികൂടുന്നതിൽ വൈദഗ്ധ്യം തെളിയിച്ച ക്രിസ്റ്റീന എന്നിവരാണ് കാസർകോട് ഡോഗ് സ്ക്വാഡിൽ നിലവിലുള്ളത്. ക്യാമ്പിലെത്തിയ ടൈസണെ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്യുകയും ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അഡീഷണൽ എസ്.പി. സേവ്യർ, കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായക്, ഡി എച്ച് ക്യൂ ഇൻസ്പെക്ടർ കെ.കെ രവീന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.