teyyam
ശ്രീപാർവതി വരച്ച മുച്ചിലോട്ട് ഭഗവതിയുടെ രൂപം

തലശ്ശേരി:കൊവിഡ് കാലം തെയ്യക്കാവുകളിലെ കളിയാട്ടങ്ങളെ അനിശ്ചിതത്വത്തിലാഴ്ത്തിയ അവസ്ഥയിൽ ശ്രീപാർവ്വതിയെന്ന പതിനഞ്ചുകാരി തോറ്റിയുണർത്താൻ പോന്ന സുന്ദരമായ വരയിലൂടെ ചിത്രീകരിക്കുന്നത് കണ്ടാൽ ആരും അത്ഭുതപ്പെടും.

പന്തത്തിന്റെ തിളക്കത്തിൽ ചായില്യവും മനയോലയും കൊണ്ടെഴുതിയ ഇഷ്ടദൈവങ്ങളുടെ മുഖത്തെ ര്രൗദ്ര ,​ശാന്ത ഭാവങ്ങൾ ആവിഷ്കരിച്ചത് കണ്ടാൽ ഇരുത്തം വന്ന ചിത്രകാരന്മാരുടെ സൃഷ്ടിയെന്ന് ആരും തലകുലുക്കി സമ്മതിക്കും.

ഓർമ്മ വെച്ച നാൾ തൊട്ട് കണ്ടുതുടങ്ങിയ ഇഷ്ടദൈവങ്ങളെ ഇക്കുറി കാണാനാകില്ലെന്ന വിഷമത്തിൽ നിന്നാണ് തെയ്യങ്ങളെ വരയിലൂടെ ആവിഷ്കരിക്കാൻ ശ്രീപാർവതി തീരുമാനിച്ചത്.അച്ഛൻ കെ.അനിൽ കുമാറിന്റെ തറവാട് പാനൂർ കൂറ്റേരി മുച്ചിലോട്ട് കാവാണ്. അമ്മയുടെ വീട്ടുകാർ കണി കാണുന്നത് തൊട്ട് മുന്നിലുള്ള പുത്തൂർ മുത്തപ്പൻ ക്ഷേത്രത്തെയുമാണ്.

കൺകണ്ട തെയ്യങ്ങളുടെ രൂപങ്ങളെയെല്ലാം തനിമയോടെ കാൻവാസിലേക്ക് പകർത്താൻ ഈ പ്ലസ് വൺ വിദ്യാർത്ഥിനിയ്ക്കായി. കുട്ടിച്ചാത്തനും, ഘണ്ഠാകർണ്ണനും, ഗുളികനും, ഭഗവതിയും കാരണവരും തിരുവപ്പനയും തുടങ്ങി വിവിധ മൂർത്തികളെ ഇതിനകം ശ്രീപാർവതി ആകർഷകമായ രീതിയിൽ വരിച്ചിട്ടുണ്ട്.

കെ. അനിൽകുമാറിന്റേയും നിഷയുടേയും മകളാണ് ശ്രീപാർവതി. സഹോദരൻ ശ്രീഹരി പാലക്കാട് സംഗീത കോളജിൽ ബിരുദ വിദ്യാർത്ഥിയാണ്.