നീലേശ്വരം: പള്ളിക്കര കുഞ്ഞിപ്പുളിക്കലിൽ ആളൊഴിഞ്ഞ വീട് പൊളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിയ സംഭവത്തിൽ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. സി.പി.എം ശക്തികേന്ദ്രമായ പള്ളിക്കരയിൽ ആൾത്താമസമില്ലാത്ത വീട്ടിലുണ്ടായ സ്ഫോടനം തദ്ദേശ തെരഞ്ഞെടുപ്പിന് കുഴപ്പങ്ങളുണ്ടാക്കാൻ കരുതി കൂട്ടി ബോംബ് ശേഖരിച്ച് വെച്ചതിനെ തുടർന്നാണെന്ന് കോൺഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ 25 വർഷമായി ഈ വീട് ആൾ താമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട് പൊളിച്ച് മാറ്റുന്നതിനിടെ വീട്ടിന്റെ ഉള്ളിൽ നിന്ന് ബോംബ് പൊട്ടിയത്. ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നീലേശ്വരം പോലിസ് അന്വേഷണം ഊർജ്ജിതമാക്കി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.