kannur

കോർപറേഷന്റെ ആദ്യ ഭരണസമിതിയുടെ കാലഘട്ടം ഏറെക്കൂറെ രാഷ്ട്രീയമായ അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാലയളവായിരുന്നുവെന്ന് നിസ്തർക്കം പറയാം. ഇരുമുന്നണികളും കട്ടയ്ക്ക് കട്ട നിന്ന ഭരണസമിതിയിൽ കോൺഗ്രസിനോട് പിണങ്ങി മത്സരിച്ച് ജയിച്ച കെ.കെ. രാഗേഷിന്റെ നിലപാടുകളായിരുന്നു നിർണായകമായിരുന്നത്. ആദ്യ നാലുവർഷം എൽ.ഡി.എഫിനൊപ്പം നിന്ന രാഗേഷ് അവസാനവർഷം യു.ഡി.എഫ് പക്ഷത്തേക്ക് ചായുകയായിരുന്നു. യു.ഡി.എഫിന് ലഭിച്ച ഒരു വർഷത്തിൽ കോൺഗ്രസും ലീഗും മേയർ സ്ഥാനം പങ്കിടുകയുംചെയ്തു.

കണ്ണൂർ: നാലു വർഷം എൽ.ഡി.എഫിലെ ഇ.പി. ലതയും ആറ് മാസം യു.ഡി.എഫിലെ സുമ ബാലകൃഷ്ണനുമായിരുന്നു മേയർ സ്ഥാനത്ത് . ബാക്കിയുള്ള ആറ് മാസം മുസ്ലീംലീഗിന്റെ സി. സീനത്തും. കാലാവധി അവസാനിക്കാനിരിക്കെ വികസനങ്ങളുടെ പിതൃത്വം അവകാശപ്പെടുകയും കുറ്റപ്പെടുത്തുകയുമാണ് മുന്നണികൾ. ജനക്ഷേമകരമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയ ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്നാണ് അവിശ്വാസത്തിലൂടെ പുറത്തായ മേയർ ഇ.പി. ലത പറഞ്ഞത്.
139 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതായും ഇടതു പക്ഷം അവകാശപ്പെടുന്നു. ഇതിൽ 946 പുതിയ റോഡുകൾ, 80 കോടി ചെലവിൽ 125 കി.മീ. റീ ടാർ ചെയ്തു. രാജ്യത്ത് ആദ്യമായി പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം, 50 കോടിയുടെ ചേലോറ മാലിന്യ സംസ്‌കരണ പ്ലാന്റ് , ഫ്‌ളൈ ഓവർ പദ്ധതിക്ക് സർക്കാർ അംഗീകാരം എന്നിവ എൽ.ഡി.എഫ് എടുത്തുപറയുന്നു. 225 കോടി ചിലവിട്ടുള്ള അമൃത് നഗരം വഴിയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ്, കണ്ണൂർ സെൻട്രൽ മാർക്കറ്റ്, എസ്.സി ഫ്‌ളാറ്റ് ,1600 എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചത്, .പയ്യാമ്പലത്ത് ഗ്യാസ് ക്രിമിറ്റോറിയം,ചേലോറയിൽ രണ്ട് ശ്മശാനങ്ങൾ, മാളികപ്പറമ്പിൽ ശ്മശാനം, ഭവന പദ്ധതി, ശുചിത്വ

പദ്ധതി എന്നിവയും എൽ.ഡി.എഫ് നേട്ടങ്ങളായി അവതരിപ്പിക്കുന്നു. വർഷങ്ങളായി നടപ്പാക്കാനാകാത്ത സ്റ്റേഡിയം വികസനം നടന്നിട്ടില്ലെന്ന കാര്യമാണ് മേയർക്കെതിരായ അവിശ്വാസത്തിന് കാരണമായി യു.ഡി.എഫ് ചൂണ്ടിക്കാട്ടിയതെന്നാണ് എൽ.ഡി.എഫിന്റെ കുറ്റപ്പെടുത്തൽ.

ഒറ്റ വർഷം കൊണ്ട് കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിച്ചുവെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. പള്ളിക്കുന്നിൽ 24 ലക്ഷം ലിറ്റർ, കുളക്കടവിൽ 14 ലക്ഷം ലിറ്റർ കുടിവെള്ള വിതരണസംവിധാനം ഒരുക്കി. പൈപ്പ് ലൈൻ സംവിധാനം സജ്ജമാക്കി. 4750 സൗജന്യ കുടിവെള്ള കണക്ഷൻ പ്രവൃത്തി, ഓടകളും തോടുകളും പുനരുദ്ധീകരിക്കാനുള്ള പദ്ധതി, രണ്ട് മൾട്ടി ലവൽ കാർപാർക്കിംഗ് കേന്ദ്രങ്ങൾ, നാശോന്മുഖമായ ഏഴുപാർക്കുകളുടെ നവീകരണം എന്നിവയാണ് യു.ഡി.എഫ് നേട്ടമായി എടുത്തുപറയുന്നത്.

'കണ്ണൂർ കോർപറേഷൻ വൻപുരോഗതിയിലേക്ക് കുതിക്കുന്ന ഘട്ടത്തിലാണ് അവസാന വർഷത്തിൽ രാഷ്ട്രീയക്കച്ചവടത്തിൽ ഭരണമാറ്റം ഉണ്ടായത്. ആറ് മാസംകൊണ്ട് രണ്ടുമേയറെ വാഴിച്ചവർക്ക് അധികാരവടംവലിക്കും സ്വജനപക്ഷ പാതങ്ങൾക്കും അപ്പുറം നാടിന്റെ താല്പര്യം പരിഗണനാ വിഷയമല്ല'.

എൻ. ബാലകൃഷ്ണൻ, കോർപ്പറേഷൻ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ

'യു.ഡി.എഫ് ചുരുങ്ങിയ കാലയളവിൽ മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഭരണ സമിതി പാതി വഴിയിലുപേക്ഷിച്ച പല പദ്ധതികളും നടപ്പിലാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കോർപറേഷന്റെ മുഖച്ഛായ മാറ്റാൻ യു.ഡി.എഫ് ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്'-ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്

കക്ഷിനില

യു.ഡി.എഫ് 28

എൽ.ഡി.എഫ് 27