academy
തലശേരി പാലയാട്ടെ സർക്കസ് അക്കാഡമി

കണ്ണൂർ: പത്തുവർഷം മുമ്പ് സർക്കസിന്റെ ഈറ്റില്ലത്തിൽ പരിശീലനത്തിനായി അക്കാഡമി തുടങ്ങുമ്പോൾ ആ കായികകലയെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷകളേറെയായിരുന്നു. വാടകക്കെട്ടിടത്തിൽ തുടങ്ങിയ അക്കാഡമിയിലെ സർക്കസ് പഠനം പത്തുവർഷത്തിനിടയിൽ എത്തിയ ഒരു കുട്ടിയിൽ അവസാനിച്ചപ്പോൾ കൊട്ടിഘോഷിച്ചു തുടങ്ങിയ ഈ സ്ഥാപനത്തിന് സ്വാഭാവികമായി താഴുവീഴുകയാണ്. പഠിതാക്കളില്ലാത്തതിനാൽ പ്രവർത്തനം നിലച്ച സർക്കസ് അക്കാഡമിയുടെ കെട്ടിടം വിട്ടുനൽകാൻ ജില്ലാ കളക്ടർ അനുമതി തേടിയിരിക്കുകയാണ്.

സർക്കസ് പിറന്ന നാട്ടിൽ സർക്കസ് അറിയാത്ത കുട്ടികളുണ്ടാകില്ല. സർക്കസ് കലാകാരന്മാരുടെ മക്കളെ പരിശീലിപ്പിച്ച് മുഖ്യധാരയിലെത്തിക്കും. അവശ കലാകാരന്മാർ ഇടക്കിടെ വന്ന് എന്തെങ്കിലും അഭ്യാസം കാണിക്കും എന്നിങ്ങനെയായിരുന്നു അക്കാഡമിയുടെ തുടക്കത്തിലെ പ്രഖ്യാപനങ്ങൾ. എന്നാൽ സർക്കസ് അക്കാഡമിയായി മാറ്റിയ തലശേരി ചിറക്കുനിയിലെ സിനിമാ തീയറ്ററിൽ പത്തുവർഷത്തിനിടയിൽ ഒരു കുട്ടി മാത്രമാണ് പരിശീലനം നേടിയത്.

സർക്കസ് പഠിക്കാൻ അതിന്റെ പാരമ്പര്യമുള്ള തലശേരിയിൽ കൂടുതൽ കുട്ടികളുമെത്തുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിരുന്നു. സർക്കസിന് പുറമെ ജിംനാസ്റ്റിക്സ്, മൾട്ടി ഗെയിംസ് എന്നിവ കൂടി പരിശീലിപ്പിച്ച് അക്കാഡമി നവീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. അവശ സർക്കസ് കലാകാരന്മാരെ കുറിച്ച് സർവ്വേയും മറ്റും എടുത്ത ശേഷമാണ് ഇത്തരമൊരു സംരംഭം ആലോചിച്ചത്. എന്നാൽ ആരും തിരിഞ്ഞുനോക്കാനില്ലാതായതോടെ സംസ്ഥാനത്തെ ഏക സർക്കസ് അക്കാഡമി കെട്ടിപ്പൂട്ടുന്ന സ്ഥിതിയിലാണുള്ളത്.

കുട്ടി നിനക്കുവേണ്ടി....

ഈ കുട്ടിയുടെ പഠനത്തിനായി ഒരു സി.ഇ.ഒ, മൂന്ന് ട്രെയിനർമാർ, രണ്ട് കുക്ക് എന്നിവരാണുള്ളത്. ഇവരുടെ ശമ്പളവും കെട്ടിടത്തിന്റെ വാടകയും എല്ലാം കൂടി നാല് കോടിയോളം രൂപയാണ് ചിലവായത്. 25,000 രൂപയാണ് കെട്ടിടത്തിന് മാസവാടക. കരാർ കാലാവധി കഴിഞ്ഞതിനാൽ വിട്ടുനൽകണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. സി.ഇ.ഒയ്ക്കും മൂന്ന് ട്രെയിനർമാർക്കും ഒരു വർഷത്തെ ശമ്പള കുടിശിക നൽകാനുമുണ്ട്. കുടിശിക സംബന്ധിച്ച് കായികക്ഷേമ ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.