കാഞ്ഞങ്ങാട്: ഒറ്റനോട്ടത്തിൽ കണ്ടാൽ നൂലിൽ കോർത്തുകെട്ടിയ പൂമാലയാണെന്നു തോന്നും. അടുത്തുചെന്നു നോക്കിയാൽ മാത്രമാണ് ഇതൊരു ചെടിയിലെ പൂക്കളാണെന്നു മനസിലാകുക. കാസർകോട് ഭീമനടിയിലെ പരേതനായ ഷെവലിയാർ പോത്തന്റെ മകൻ കാനകാലിൽ സാജുവിന്റെ വീട്ടുമുറ്റത്തെ ചെമ്പക മരത്തിലാണ് ഈ മാലപൂച്ചെടി സൗന്ദര്യം ചൊരിഞ്ഞുനിൽക്കുന്നത്. പച്ചവള്ളിയിൽ കുങ്കുമ നിറത്തിലാണ് കോർത്തെടുത്തതുപോലുള്ള പൂക്കൾ നീണ്ടുകിടക്കുന്നത്.
വള്ളിച്ചെടിയിലെ മാലയ്ക്ക് രണ്ടു മീറ്ററിൽ അധികം നീളമുണ്ട്. ക്ഷേത്രങ്ങളിൽ നിറമാല വഴിപാടിന് തയ്യാറാക്കുന്ന മാല പോലെയാണ് ഈ പൂവ്. കാറ്റിൽ ആടികളിക്കുന്ന ഈ ചെടിയുടെ ശരിയ്ക്കുള്ള പേര് വീട്ടുകാർക്കും അറിയില്ല. ഇപ്പോൾ കുടുംബസമേതം ബംഗളുരുവിൽ താമസിക്കുന്ന സാജുവിന്റെ വീട്ടുമുറ്റത്തെ ചെമ്പകമരത്തിൽ രണ്ടു വർഷം മുൻപ് ഈ വീടും പറമ്പും നോക്കിനടത്തുന്ന പ്രദീപാണ് ഈ അപൂർവ്വ ചെടി നട്ടു പിടിപ്പിച്ചത്. വള്ളിയായി പടർന്നു പന്തലിച്ച ചെടിയിൽ നിറയെ മാല പൂക്കൾ വിരിഞ്ഞപ്പോഴാണ് പ്രദീപിനും ഈ ചെടിയുടെ കൗതുകം മനസിലായത്. വീട്ടുമുറ്റത്ത് മനോഹരമായ മറ്റനേകം ചെടികളും ചെറു മരങ്ങളും ഉണ്ടെങ്കിലും ചെമ്പകമരത്തിലെ ഈ മാല പൂച്ചെടി തന്നെയാണ് കൂട്ടത്തിൽ സുന്ദരം.