തൃക്കരിപ്പൂർ: മുൻകാലങ്ങളിൽ യഥേഷ്ടം കണ്ടിരുന്ന കാരാമകൾ നാട്ടിൻ പുറങ്ങളിൽ നിന്ന് പിൻവാങ്ങുന്നു. ജലാംശമുള്ള പറമ്പുകളിലും ചതുപ്പു നിലങ്ങളിലും കണ്ടിരുന്ന ഇവയെ സമീപകാലം വരെ നാടോടികളടക്കമുള്ളവർ കമ്പി കൊണ്ട് കുത്തിപ്പിടിച്ച് മാംസത്തിനായി കൊല്ലാറുണ്ട്. വന്യജീവി സംരക്ഷണ നിയമം കർശനമായതോടെ ഇത്തരം വേട്ടകൾ നിലച്ചെങ്കിലും കാരാമകളെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ കാണാറില്ല.
ഏഴിഞ്ചു മാത്രം വലുപ്പമുള്ള പാൻ കേക്ക് കുഞ്ഞൻ ആമകൾ മുതൽ കൂറ്റൻ കടലാമകൾ വരെയായി 270 തരം ആമകൾ ഉണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്.
ചെറിയ ജീവികളെയും പഴങ്ങളും ചെറുസസ്യങ്ങളുമൊക്കെ ഭക്ഷിച്ചാണ് ആമകൾ കരയിൽ ജീവിക്കുന്നത്. പല്ലുകൾക്കു പകരം ശക്തിയേറിയ ചുണ്ടുകൾ ഉപയോഗിച്ചാണ് ആമകൾ ഭക്ഷണം ചവച്ചരയ്ക്കുന്നത്. 90 മുതൽ 150 വർഷം വരെയാണ് ആമകളുടെ ആയുസെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിൽ ഒരു വീട്ടുപറമ്പിലെ ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പുറത്തുവന്ന ഒരേ വലിപ്പത്തിലുള്ള മൂന്നു കാരാമകളെ വീട്ടുകാർ പിടിച്ച് ചതുപ്പു പ്രദേശത്ത് വിട്ടിരുന്നു.
രാസകീടനാശിനി പ്രയോഗങ്ങൾ മണ്ണിലെ ജന്തുജീവജാലങ്ങളുടെ നിലനിൽപ്പിനെ പാടെ തകിടം മറിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് കാരാമകളുടെ പിന്മാറ്റം. കെട്ടിട സമുച്ചയങ്ങളടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളും തവള, ആമ തുടങ്ങിയ ചെറുജീവികളുടെ ജീവിത ചംക്രമണത്തെയും ഇല്ലാതാക്കുന്നു-
കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ,
പരിസ്ഥിതി പ്രവർത്തകൻ
.