coin
നോബിയുടെ ശേഖരത്തിലുള്ള പുതിയ 20 രൂപ നാണയം

തളിപ്പറമ്പ്: പൊതുഇടപാടുകൾക്ക് വിതരണം ചെയ്യും മുമ്പ് പുതിയ 20 രൂപ നാണയങ്ങൾ തന്റെ അപൂർവ ശേഖരത്തിൽ ചേർത്തിരിക്കുകയാണ് ആലക്കോട് സ്വദേശി നോബി കുരിയാലപ്പുഴ. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് പുതിയ 20 രൂപ നാണയം. രാജ്യത്തിന്റെ കാർഷിക പൈതൃകം പ്രകടമാക്കുന്ന ധാന്യങ്ങൾ ആലേഖനം ചെയ്തുള്ള നാണയം രൂപകൽപ്പന ചെയ്തിരിക്കുന്നത് കാഴ്ചയില്ലാത്തവർക്കും പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ്.

പത്ത് രൂപ നാണയം പോലെ രണ്ട് ലോഹങ്ങളുടെ നിറത്തിലാണ് 20 രൂപ നാണയവും. 12 വശങ്ങളും 8.54 ഗ്രാം ഭാരവും 27 മില്ലിമീറ്റർ വ്യാസവും ഇതിനുണ്ട്. അശോകസ്തംഭത്തിലെ സിംഹത്തലയാണ് നാണയത്തിന്റെ മുഖവശത്ത് ആലേഖനം ചെയ്തിട്ടുള്ളത്. നേരത്തേ ഇറക്കിയ 20 രൂപ നാണയങ്ങൾ സ്മാരകമായി ആണ് ഇറക്കിയിരുന്നത്. ഇവ വിനിമയത്തിന് നൽകിയിരുന്നില്ല. പുതിയ 20 രൂപ നാണയങ്ങൾ അടുത്തുതന്നെ വിനിമയത്തിനായി ലഭിക്കും. നോബിയുടെ ശേഖരത്തിൽ ഓരോ സമയത്തും സർക്കാർ പുറത്തിറക്കുന്ന നാണയങ്ങൾ, നോട്ടുകൾ, പോസ്റ്റൽ സ്റ്റാമ്പുകൾ, കാർഡുകൾ, ഇവയെക്കുറിച്ചുള്ള ചരിത്രം, പ്രത്യേകതകൾ, ഇത് സംബന്ധിച്ചുവന്ന പത്രവാർത്തകൾ എന്നിവ ഉൾപ്പെടുത്തിയുള്ള വിപുലമായ ആൽബവുമുണ്ട്. 30 വർഷം മുൻപ് തുടങ്ങിയ അപൂർവ നാണയങ്ങളുടെയും നോട്ടുകളുടെയും സ്റ്റാമ്പുകളുടെയും ശേഖരണം നോബി ഇപ്പോഴും തുടരുകയാണ്.