പഴയങ്ങാടി:കൊവിഡ് കാലത്തെ പ്രതിസന്ധിയെ അവസരമാക്കുകയാണ് പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ഫാത്തിമ ശഹസിയ എന്ന മിടുക്കി. സമ്മാനപ്പൊതികളും വിദ്യാർത്ഥികൾക്കുള്ള ഹാൻഡ് ബുക്കും ആൽബം, സ്ക്രാപ്പ് ബുക്ക്, ഹാമ്പർ, കസ്റ്റമെയ്‌സ്ഡ് ഡയറി എന്നിവ മനോഹരമായി ഒരുക്കി തുച്ഛമായ വിലയ്ക്ക് നൽകിയാണ് ഈ ബിരുദവിദ്യാർത്ഥിനി സമ്പാദിക്കുന്നത്. ജന്മദിനത്തിനും വിവാഹദിനത്തിനുമെന്നുവേണ്ട എല്ലാതരം സമ്മാനപ്പൊതികളും ഭംഗിയോടെ ഒരുക്കുകയാണ് ഈ പെൺകുട്ടി.
തുടക്കത്തിൽ ഒരു കൗതുകത്തിന് തുടങ്ങിയത് ആണെങ്കിലും ഇപ്പോൾ സാമ്പത്തിക വരുമാന മാർഗമായിരിക്കുകയാണ് സമ്മാനപ്പൊതി നിർമ്മാണം. പല ഭാഗങ്ങളിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നതായി ഫാത്തിമ പറയുന്നു. മൈക്രോ ബയോളജി വിദ്യാർത്ഥിയായ ഫാത്തിമ ശഹസിയ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ കെ.കെ. ശിഹാബുദ്ദീന്റെയും എം.ടി.സുമയ്യയുടെയും മകളാണ്. @szyist എന്ന ഇൻസ്റ്റാഗ്രാം പേജിൽ ശഹസിയ ഒരുക്കുന്ന സമ്മാനപ്പൊതികളുടെയും ഡയറികളുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.