
തദ്ദേശ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുകയാണ്. സ്വയംഭരണത്തിന്റെ കുടക്കീഴിൽ കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ തദ്ദേശ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങളും മുരടിപ്പും ഇവിടെ വിലയിരുത്തപ്പെടുകയാണ്. വികസനത്തെ കുറിച്ച് ഭരണപക്ഷം ആവേശം കൊള്ളുമ്പോൾ വികസനം പേരിൽ മാത്രമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കോർപ്പറേഷൻ ,നഗരസഭ, പഞ്ചായത്തുകളെ സ്പർശിക്കുന്ന തദ്ദേശം -തിരനോട്ടം ഇന്ന് മുതൽ....
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ കാഞ്ഞങ്ങാടല്ലെന്ന് അഞ്ചുവർഷത്തെ മാറ്റം കാണുന്ന ആരും സമ്മതിക്കും. ആധുനിക ബസ് സ്റ്റാൻഡും തിരക്കേറിയ കോട്ടച്ചേരിയിലെ വീതിയുള്ള നടപ്പാതകളും പുതുക്കിപ്പണിത ട്രാഫിക് സംവിധാനങ്ങളും തൊഴിലാളികൾ താൽക്കാലികമായി താമസിക്കുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടുമൊക്കെ മാറിയ കാഞ്ഞങ്ങാടിന്റെ മാറിയ മുഖം വെളിച്ചത്തുകൊണ്ടുവരുന്നു.
അഞ്ച് വർഷം മുമ്പ് വരെ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി നിരന്തരം സമരമായിരുന്നു. വർഷകാലത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നുള്ള മലിനജലം സമീപത്തെ വീട്ടു പറമ്പുകളിലേക്ക് ഒഴുകി എത്തുന്നത് സംഘർഷത്തിന് പോലും ഇടയാക്കിയിരുന്നതാണ്.ഇവിടെ ഇപ്പോൾ ആളുകൾ താമസിച്ച് ജോലി ചെയ്യുന്നു. ഇതിനകം 1300 ടണ്ണോളം മാലിന്യം കയറ്റി അയച്ചു. ഹരിതകർമ്മസേനയും മാലിന്യ സംസ്‌കരണത്തിൽ ഗവേഷണം നടത്തുന്ന കുഞ്ഞബ്ദുള്ളയും സുഹൃത്തുക്കളും നേതൃത്വം കൊടുക്കുന്ന മഹ്‌യൂബ കമ്പനിയും കൈ കോർത്തപ്പോൾ പഴയ ട്രഞ്ചിംഗ് ഗ്രൗണ്ട് നാട്ടിൻപുറത്തെ സാധാരണ പറമ്പായി മാറി. ചുറ്റും താമസിക്കുന്നവർക്ക് ഇപ്പോൾ ആവലാതിയേയില്ല.
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതാണ് മത്സ്യമാർക്കറ്റിലെ മാലിന്യ പ്രശ്‌നത്തിൽ. ട്രീറ്റ്‌മെന്റ് പ്ലാന്റോടുകൂടിയ ഹൈടെക്ക് മത്സ്യമാർക്കറ്റാണ് ഇന്നുള്ളത്. ശുചിമുറികളില്ലാത്ത ഒറ്റവീടുപോലും ഇല്ലെന്നതും ഭരണസമിതിയുടെ നേട്ടമാണ്. ശുചിത്വ മിഷന്റെയും കേന്ദ്രഗവൺമെന്റിന്റെയും പുരസ്‌കാരങ്ങൾ നഗരസഭയ്ക്ക് ലഭിച്ചതും എടുത്തുപറയേണ്ട നേട്ടമാണ്. കാൽനൂറ്റാണ്ടു മുമ്പാണ് അലാമിപ്പള്ളി ബസ് സ്റ്റാൻഡ് കോംപ്ളക്സിന് തുടക്കമിട്ടത്. കൊവിഡ് രോഗവ്യാപനമുണ്ടായിരുന്നില്ലെങ്കിൽ ഈ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ഇന്ന് സജീവമാകുമായിരുന്നു.
നേട്ടങ്ങൾ പിന്നെയും
ഹഡ്കോയിൽ നിന്ന് 20 കോടി വായ്പയെടുത്ത് 916 വീടുകൾ നഗരസഭ നേരിട്ട് നിർമ്മിച്ചുകൊടുത്തു. മന്ത്രി ഇ ചന്ദ്രശേഖരന്റെ സഹകരണത്തോടെ അമ്മയും കുഞ്ഞും ആശുപത്രി, മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി, കൈറ്റ് ബീച്ച് ,ഫ്ലൈഓവർ, അണ്ടർഗ്രൗണ്ട് പാസേജ്, പൈതൃക നഗരം പദ്ധതികൾക്ക് തുടക്കമിട്ടു. വിശപ്പ് രഹിത നഗരം പദ്ധതിയ്ക്കായി മൂന്ന് ഹോട്ടലുകൾ തുറന്നു.റെയിൽവേ വികസനത്തിന് 4 കോടി ലഭ്യമാക്കി. എ.സി കണ്ണൻനായർ പാർക്കിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നതിന് പദ്ധതി.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ 99 ശതമാനവും പൂർത്തീകരിക്കാൻ സാധിച്ചു. ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീടുണ്ടാക്കി നൽകി. ശുചിമുറികളില്ലാത്ത വീടുകളും നഗരസഭയിലില്ല. മികച്ച സഹകരണമാണ് ഉദ്യോഗസ്ഥരുടേയും ജനങ്ങളുടേയും ഭാഗത്ത് നിന്നുണ്ടായത്'- വി.വി.രമേശൻ -നഗരസഭ ചെയർമാൻ
ചെയർമാൻ വി.വി രമേശന് ഹൈടെക് ഭാവനകൾ മാത്രമാണ് ഉള്ളത്. വാചകകസർത്തല്ലാതെ അഞ്ചുകൊല്ലംകൊണ്ട് യാതൊന്നും ചെയ്തിട്ടില്ല. പദ്ധതി വിഹിതം തന്നെ 23.5 കോടി ലാപ്‌സാക്കി.ചുരുക്കത്തിൽ 5 വർഷത്തെ ഭരണം തികഞ്ഞ പരാജയമാണ്'- നഗരസഭ പ്രതിപക്ഷ നേതാവ് കെ. മുഹമ്മദ് കുഞ്ഞി
നഗരസഭ ഭരണം
ആകെ വാർഡുകൾ 43
എൽ.ഡി.എഫ് 23
യു.ഡി.എഫ് 13
ബി.ജെ.പി 6
സ്വത. 2