പയ്യന്നൂർ: ദേശീയപാതയിൽ വെള്ളൂർ ആലിൻ കീഴിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലും തൊട്ടടുത്ത മരത്തിലും ഇടിച്ച് മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ റഫീഖ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മംഗളൂരുവിൽ നിന്ന് ധാന്യങ്ങളും കയറ്റി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് അപകടാവസ്ഥ ഒഴിവായി. ലോറിയിൽ നിന്നും റോഡിലേക്ക് ചോർന്ന ഡീസൽ ഫയർഫോഴ്സ് കഴുകി വൃത്തിയാക്കി.