തൃക്കരിപ്പൂർ: എൽ.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്തിൽ സീറ്റ് വിഭജനം ഏറെക്കുറേ പൂർത്തിയാക്കി. ആകെയുള്ള 21 വാർഡുകളിൽ എൽ.ജെ ഡി 5 സീറ്റുകളിൽ മത്സരിക്കും. ഏഴാം വാർഡ് എടാട്ടുമ്മൽ (വനിത), എട്ടാം വാർഡ് തങ്കയം (ജനറൽ), ഒൻപതാം വാർഡ് കക്കുന്നം (വനിത), പന്ത്രണ്ടാം വാർഡ് ഒളവറ (ജനറൽ), പതിമൂന്നാം വാർഡ് ഉടുമ്പുന്തല ( ജനറൽ) എന്നിങ്ങനെയാണ് 5 വാർഡുകൾ. ഇതിൽ ഏഴാം വാർഡ് എൽ.ജെ.ഡിയുടെ സിറ്റിംഗ് സീറ്റാണ്.
കഴിഞ്ഞ തവണ ഒൻപതാം വാർഡ് സി.പി.എമ്മിനോട് നറുക്കെടുപ്പിലൂടെയാണ് എൽ.ജെ.ഡിക്ക് നഷ്ടപ്പെട്ടത്. സി.പി.എം സ്ഥാനാർത്ഥിയാണ് ഇവിടെ അന്ന് ജയിച്ചത്. സി.പി.ഐ, ഐ.എൻ.എൽ കക്ഷികൾക്ക് ഓരോ സീറ്റുകൾ നൽകേണ്ടി വരും. കഴിച്ചു ബാക്കി 14 സീറ്റുകളാണ് ഉള്ളത്. ഇതിൽ പൂർണ്ണമായും സി.പി.എം മത്സരിക്കാൻ ഇടയില്ലെന്നാണ് ലഭിക്കുന്ന സൂചന. രണ്ടോ മൂന്നോ സീറ്റുകളിൽ ഇടതു സ്വതന്ത്രരെ രംഗത്തിറക്കാനാണ് നീക്കം.