school

കണ്ണൂർ: പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ തുരുമ്പിച്ച് നശിക്കുന്ന വാഹനങ്ങൾ ആക്രിവിലയ്‌ക്ക് വിൽക്കണമെന്ന് പെരിങ്ങോം വയക്കര തവിടിശേരി ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മൂന്ന് വർഷം മുമ്പ് പറഞ്ഞതാണ്. അധികൃരുടെ കണ്ണു തുറക്കാൻ ഈ കുട്ടികൾ ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജി വേണ്ടിവന്നു.

വാഹനങ്ങൾ തുരുമ്പിച്ച് നശിക്കുന്നതിനാൽ പൊതുനഷ്ടം ഉണ്ടാകുന്നു എന്ന് കുട്ടികൾ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017ൽ നൽകിയ ഹർജിയിൽ 2019ൽ അനുകൂല വിധി വന്നു.

പതിനഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്‌ത് വിൽക്കാനായിരുന്നു വിധി. തുടർന്ന് വിധി നടപ്പാക്കാൻ ഡി. ജി. പി ഉത്തരവിട്ടു. വാഹനങ്ങൾ പൊളിക്കുന്നത് വേഗത്തിലാക്കാൻ എസ്.പി മാർക്ക് ചുമതല നൽകി കഴിഞ്ഞ മാസം ഡി.ജിപി പുതിയ ഉത്തരവും ഇറക്കി.

ഗൈഡ് ടീച്ചർ കെ.സി. സതീശന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായിരുന്ന ഇ. വിസ്‌മയ, കെ. ജിനനാഥ്, കെ.പി. അനുപ്രിയ, സി. അനുശ്രീ, എം. അഞ്ജലി എന്നിവരാണ് കോടതിയെ സമീപിച്ചത്.

കുട്ടികൾ സർവേയിൽ കണ്ടെത്തിയത്:

ഒരു കിലോ ഇരുമ്പ് ഉൽപ്പാദിപ്പിക്കാൻ 1.6 കിലോ ഹെമറ്റൈറ്റ് അയിര് വേണം. പൊലീസ് സ്റ്റേഷനുകളിൽ കിടക്കുന്ന മുഴുവൻ വാഹനങ്ങളും നിർമ്മിക്കാൻ വേണ്ടത് 3000 ടൺ ഇരുമ്പയിര്.

ഇന്ത്യയിൽ പ്രതിവർഷം വാഹന നിർമ്മാണത്തിനും മറ്റുമായി 15 കോടി ടൺ ഇരുമ്പ് വേണം. ഇരുമ്പ് ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ആവശ്യമായ ഇരുമ്പിന്റെ 70 ശതമാനത്തോളം ബ്രസീൽ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

ഡ്രൈവർമാർ, മെക്കാനിക്കുകൾ, വാഹന ബോഡി നിർമ്മാതാക്കൾ, സർവീസ് എൻജിനിയർമാർ, പൊലീസ് ഇൻസ്‌പെക്ടർമാർ, കെമിസ്റ്റ് എന്നിവരുമായി അഭിമുഖത്തിലൂടെയാണ് സർവേയുടെ വിവരങ്ങൾ ശേഖരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

--കെ. സി. സതീശൻ

ഗൈഡ് ടീച്ചർ

സ്റ്റേഷൻ കോമ്പൗണ്ടിലും ഡമ്പിംഗ് യാർഡിലും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഡിസംബറോടെ പൂർണമായും നീക്കാമെന്നാണ് പ്രതീക്ഷ.

-- പ്രജീഷ് തോട്ടത്തിൽ

അഡീഷണൽ എസ്.പി കണ്ണൂർ